പത്തനംതിട്ട:പത്തനംതിട്ട പ്രസ്‌ക്ലബിനു മുൻവശത്ത് പൊതുനിരത്തിൽ മാലിന്യം വലിച്ചെറിഞ്ഞവർ കാമറയിൽ കുടുങ്ങി. രാത്രികാലങ്ങളിൽ പ്രസ്‌ക്ലബിനു മുന്നിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഈ ഭാഗത്ത് കാമറ സ്ഥാപിച്ചത്.
മാലിന്യം റോഡരികിൽ തള്ളുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ചെയർപേഴ്‌സൺ റോസ് ലിൻ സന്തോഷ് പറഞ്ഞു. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് നോട്ടീസ് പതിച്ചിരുന്നതാണ്. നഗരത്തിൽ രാത്രികാല പട്രോളിംഗും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പൊതുനിരത്തുകളിൽ ഇതു തള്ളാൻ അനുവദിക്കില്ലെന്നും റോസ്‌ലിൻ സന്തോഷ് പറഞ്ഞു. കണ്ണങ്കര, പഴയബസ് സ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാല സ്‌ക്വാഡ് പരിശോധനയിൽ നഗരസഭ, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായമുണ്ടാകും.
പ്ലാസ്റ്റിക് നിരോധന ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 150 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചവർക്ക് 30,000 രൂപ പിഴ നിശ്ചയിച്ച് നോട്ടീസ് നൽകി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ്, കൺട്രോൾ ബോർഡ് ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ജോജിൻ മാത്യു, ജോജോ ടി. ജോർജ് എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുമെന്ന് നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, എൻവയൺമെന്റൽ എൻജിനീയർ അലക്‌സാണ്ടർ ജോർജ് എന്നിവർ അറിയിച്ചു.