തിരുവല്ല: നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ വൃത്തിയോടെ മിനുക്കിയിട്ടിരിക്കുന്ന തിരുവല്ല ബൈപ്പാസ് റോഡിൽ മാലിന്യം തള്ളാനും സാമൂഹ്യവിരുദ്ധർക്ക് മടിയില്ല.നിർമ്മാണം തുടങ്ങിയശേഷം നാലാം തവണയാണ് ബൈപ്പാസ് റോഡിൽ വൻതോതിൽ മാലിന്യം തള്ളിയത്. ഇറച്ചി മാലിന്യത്തിൽ നിന്നും ഉയർന്ന കടുത്ത ദുർഗന്ധത്തെ തുടർന്ന് ബൈപ്പാസിലെ പണികൾ ഭാഗീകമായി നിറുത്തിവെച്ചു. നാല് പ്ലാസ്റ്റിക് ചാക്കുകളിലും അല്ലാതെയും തള്ളിയ മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത് സംസ്ക്കരിച്ചു. മഴുവങ്ങാട് ചിറയിൽ നിന്നും പുഷ്പഗിരി റോഡുമായി ബന്ധിക്കുന്ന ബൈപ്പാസിന്റെ അവസാന മിനുക്ക് പണികൾ നടക്കുന്ന ഭാഗത്താണ് കഴിഞ്ഞരാത്രി ഇറച്ചി മാലിന്യങ്ങൾ തള്ളിയത്. സംരഷണ ഭിത്തിക്ക് മുകളിലുള്ള ഭാഗത്ത് പുല്ല് വെച്ചുപിടിപ്പിക്കുന്ന പണികളാണ് മാലിന്യം തള്ളിയത് മൂലം തടസപ്പെട്ടത്. നഗരസഭ ശുചീകരണ തൊഴിലാളികൾ എത്തി മാലിന്യങ്ങൾ നീക്കാൻ ശ്രമിച്ചെങ്കിലും കടുത്ത ദുർഗന്ധത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഒരു മാസത്തിനിടെ നാലാം തവണയാണ് ഈ ഭാഗത്ത് മാലിന്യ നിക്ഷേപം നടന്നത്. മുൻപ് മൂന്നുതവണയും കക്കൂസ് മാലിന്യമായിരുന്നു ഈഭാഗത്ത് തള്ളിയത്.
തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല
നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലെയും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് തുണയാകുന്നു. 32 ലക്ഷം രൂപ ചെലവഴിച്ച് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി നഗരസഭ നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈപാസ് റോഡിന്റെ ഒരുഭാഗത്തും കാമറകൾ സ്ഥാപിക്കാത്തതിനാൽ ഇവിടെ മാലിന്യ നിക്ഷേപം പതിവായിരിക്കുന്നത്.മാലിന്യ നിക്ഷേപം അടക്കമുള്ളവ പിടികൂടാനായി പോർട്ടബിൾ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. എന്നാൽ ഇതുവരെയും അത് നടപ്പിലായിട്ടില്ല.
-നിർമ്മാണം തുടങ്ങിയ ശേഷം 4 തവണ മാലിന്യം തള്ളി
- ബൈപാസ് റോഡിൽ കാമറകൾ ഇല്ല
- നഗരസഭയുടെ പ്രഖ്യാപനം പാഴായി