04-padayani

ഇലന്തൂർ : ഇലന്തൂർക്കാവ് തീണ്ടാൻ പടയണിക്കോലങ്ങൾ ചുവടുവച്ച് എത്തുമ്പോൾ ഒരിയ്ക്കൽ കൂടി ഗ്രാമം ഭക്ത്യവേശത്തിൽ അമരുകയാണ്. ഗ്രാമീണജനതയുടെ നൊമ്പരവും പ്രതീക്ഷയും വേദനകളും വർണ്ണക്കോലങ്ങളായി നിറഞ്ഞാടുമ്പോൾ അതിൽ അണിചേർന്നലിയുകയാണ് ആയിരങ്ങൾ. മണ്ണുംഭാഗം കരയിൽ നിന്ന് വരുന്ന കൂട്ടക്കോലങ്ങളെ കളത്തിലേക്ക് വായ്ക്കുരവയും ആർപ്പുവിളിയുമായി സ്വീകരിച്ച് ആനയിച്ച് കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ പടയണി ചടങ്ങുകൾക്ക് ആരംഭമാകും. തുടർന്ന് നടക്കുന്ന തപ്പുമേളത്തിന് ശേഷം അമ്മയുടെ പ്രതിരൂപമായ ഭൈരവി അടന്തതാളത്തിൽ കളത്തിൽ എത്തുന്നതോടെ കോലങ്ങളുടെ വരവായി. ശിവകോലം , പിശാച് ,മറുത , സുന്ദരയക്ഷി , കാലൻ ,ഭൈരവി എന്നീ കോലങ്ങളെ കൂടാതെ ഇലന്തൂർ പടയണിയിൽ മാത്രം കാണാൻ സാധിയ്ക്കുന്നതും വർഷത്തിൽ ഒരിക്കൽ മാത്രം കളത്തിൽ എത്തുന്ന കരിങ്കാളികോലത്തെ മലനടയിൽ നിന്ന് കളത്തിലേക്ക് എതിരേൽക്കും. കറുപ്പ് നിറത്തിന് പ്രാധാന്യം നൽകുന്ന കിരീട സമാനമായ കോലവും കുരുത്തോലപ്പാവാടയും അരത്താലിലും അരമണിയും കാൽ ചിലമ്പും മുഖത്ത് കറുപ്പും ഇട്ട് കണ്ണും കുറിയുമായി ഇടംകൈയ്യിൽ നാന്ദകവും വലംകൈയ്യിൽ വാളുമായി അത്യന്തം രൗദ്രഭാവത്തിൽ കളത്തിൽ എത്തുന്ന കരിങ്കളി അടന്തതാളത്തിൽ തുടങ്ങി ഒറ്റയും മുറുക്കവുമായി തുള്ളി ഒഴിയുന്നു. ആദിദേവതയായ കരിങ്കാളി കാലദോഷങ്ങളിൽ നിന്ന് കരവാസികൾക്ക് മുക്തി നൽകുന്നതായി വിശ്വസിക്കുന്നു. കുന്നിലമ്മയുടെ മൂലസ്ഥാനമായ കിഴക്ക്കരയിൽ നിന്ന് കൂട്ടക്കോലങ്ങളോടൊപ്പം നാളെ കളത്തിൽ എത്തുന്നത് രുദ്രമറുതയാണ് .
ഒറ്റപ്പാളയിൽ എഴുതുന്ന ചെറുക്കോലങ്ങൾ മുതൽ 101 പാളയിൽ എഴുതുന്ന മഹാഭൈരവി വരെ അഞ്ഞൂറിൽ പരം കോലങ്ങളാണ് എട്ട് പടേനി രാവുകളിലായി ഇലന്തൂർപ്പടേനിയിൽ തുള്ളി ഒഴിയുന്നത്.

3000 പാളകൾ

മൂവായിരത്തോളം പാളകൾ ഒരു വർഷം പടേനിക്കാവശ്യമായി വരുമ്പോൾ ഇത് ശേഖരിക്കുവാൻ നാടുവിട്ട് മറുനാട്ടിലേക്ക് കലാകാരന്മാർ പേകേണ്ടതായി വരുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും കാർഷികമേഖലയിലുണ്ടായ പ്രതിസന്ധികളും ഒക്കെയായി പാളയുടെ ലഭ്യതക്കുറവ് പടയണിയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിയ്ക്കുകയാണ്.
ഇതിനെ മറികടക്കാൻ ' പാളക്കീറിലെ വർണ്ണവസന്തം മങ്ങാതിരിയ്ക്കാൻ ' എന്ന പേരിൽ ഇലന്തൂർ ഗ്രാമത്തിലാകെ പതിനായിരം കവുങ്ങിൻ തൈകൾ നട്ടു സംരക്ഷിയ്ക്കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ് ശ്രീദേവി പടേനി സംഘം. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച ഈ പദ്ധതി വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമാവുകയാണ്.

ഇന്ന്
രാവിലെ 8.15 നും 8.55 കൊടിയേറ്റ്
10ന് കുങ്കുമാഭിഷേകം
ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ
രാത്രി 8ന് നാടൻപാട്ട് (കരിന്തലക്കൂട്ടം)
11ന് പടയണി
വിശേഷാൽ കോലം : കരിങ്കാളി