ചെങ്ങന്നൂർ: ​ പാണ്ടനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. മൂന്നാം വാർഡായ മാടവന ഭാഗം,തിക്കേക്കാട് കലുങ്ക്,രണ്ടാം വാർഡ് അട്ടക്കുഴി പാടശേഖരത്തിനു സമീപം,11-ാം വാർഡ് ​ പഞ്ചായത്ത് കടത്തായ പോക്കാട്ട് കടവ്,പറമ്പത്തൂർപ്പടി,എന്നീ ഭാഗങ്ങളിലാണ് കഞ്ചാവ് മാഫിയയുടെ ശല്യം കൂടുന്നതായി പരാതി. തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ 12​ാം വാർഡും,പാണ്ടനാടിന്റെ മൂന്നാം വാർഡും അതിർത്തി പങ്കുവെയ്ക്കുന്ന മാടവന ജംഗ്ഷനിൽ അകത്തേക്കു മാറിയുള്ള കലിങ്കിനു സമീപം കഴിഞ്ഞ രാത്രികളിൽ കഞ്ചാവ് മാഫിയയുടെ ആക്രമണ ശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു. പ്രയാർ കുത്തിയതോട് റോഡിലേയ്ക്ക് പോയ ഇരുചക്രവാഹന യാത്രികരുടെ കണ്ണിൽ പൂഴിമണ്ണ് വിതറിയ ശേഷമാണ് അക്രമത്തിന് മുതിർന്നത്. സമീപവാസികൾ ഓടിക്കൂടിയ സമയത്ത് അക്രമികൾ ബൈക്കിൽ രക്ഷപെടുകയായിരുന്നു.തിക്കേക്കാട് ഭാഗത്തെ കലുങ്കിനു സമീപം,അട്ടക്കുഴി പാടത്തെ രണ്ടാം കലിങ്കിനു സമീപവും (രണ്ടാം വാർഡ്) സന്ധ്യ കഴിഞ്ഞാൽ വഴിയാത്രക്കാർ ഭയത്തോടു കൂടിയാണ് പോകുന്നത്. മദ്യപൻമാരുടെയും ആഭാസൻമാരുടെയും വിഹാരകേന്ദ്രമായി മാറുകയാണ് ഇവിടെ. പ്രയാർ,പാണ്ടനാട് വടക്ക് ഭാഗത്തു നിന്നും തിരുവൻവണ്ടൂർ ഭാഗങ്ങളിൽ വന്നു പോകുന്നവർ നിരവധിയാണ്.ബൈക്കുകളിലും, സൈക്കിളിലും പോകുന്നവരാണ് ഏറെപ്പേരും. കലിങ്കിനു സമീപമെത്തുന്ന യാത്രക്കാരെ അസഭ്യം പറയുന്നത് പതിവാണ്.ചൂണ്ടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടന്ന് സമീപവാസികൾ പറയുന്നു.