ranni-palam
റാന്നി പുതിയ പാലത്തിന്റെ നിർമാണം

റാന്നി: റാന്നിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗതിയിൽ. പമ്പാ നദിയിലെ പൈലിംഗ് ജോലികൾ പൂർത്തിയാക്കി. തൂണുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. നദിയിൽ മൂന്ന് തൂണുകളാണുളളത്. നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞു. ഒന്നര വർഷം വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കാലാവധിക്കുളളിൽ പൂർത്തിയാകാൻ സാദ്ധ്യതയില്ല.

കിഫ്ബി ഫണ്ടിൽ നിന്ന് 27കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. രാജു ഏബ്രഹാം എം.എൽ.എയുടെ ശ്രമഫലമായാണ് പുതിയ പാലത്തിന് സംസ്ഥാന സർക്കാർ നിർമ്മാണാനുമതി നൽകിയത്.

ആദ്യ സർവേയിൽ പാലത്തിന് 379 മീറ്റർ നീളമായിരുന്നു കണക്കാക്കിയത്. പുതിയ ഡിസൈനിൽ രണ്ട് സ്പാൻ കുറച്ച് നീളം 317 മീറ്ററാക്കി. പാലത്തിന്റെ വീതി 12 മീറ്ററാണ്. ഇരുവശത്തും ഒന്നേകാൽ മീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. പാലത്തിന്റെ ഇരു കവാടങ്ങളും ആർച്ച് ഷെയ്പ്പിലാണ് നിർമ്മിക്കുന്നത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിലവിലെ വലിയ പാലത്തിന് സമാന്തരമായി പെരുമ്പുഴ -ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.

പാലത്തിന്റെ അപ്രോച്ച്‌റോഡിനായി സ്ഥലം ഏറ്റെടുക്കൽ ജോലികൾ റവന്യൂ വകുപ്പ് നടത്തി വരുന്നു. തോട്ടമൺ കണ്ടം വഴി ബ്ളോക്ക് പടിയിലാണ് അപ്രോച്ച് റോഡ് അവസാനിക്കുന്നത്. 1.8 കിലോമീറ്റർ ദൂരമുളള റോഡ് ബി.എം.ബി.സി നിലവാരത്തിൽ വികസിപ്പിക്കും.

>>

'' പാലം പണി വേഗത്തിലാണ്. റാന്നിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. വികസന രംഗത്ത് വിലയ മാറ്റങ്ങളുണ്ടാകും.

രാജു ഏബ്രഹാം എം.എൽ.എ.

>>

'' കാലാവസ്ഥ അനുകൂലമായാൽ കാലതാമസമില്ലാതെ പാലം നിർമ്മാണം പൂർത്തിയാക്കും

ബിജി തോമസ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ.

-----------------

ചെലവ്- 27കോടി

നീളം - 317 മീറ്റർ

വീതി - 12മീറ്റർ