പത്തനംതിട്ട : പത്തനംതിട്ട സുബലാ പാർക്കിന്റെ നിർമ്മാണം പുനരാരംഭിക്കുന്നെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജില്ലാ ആസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾക്ക് മുതൽക്കൂട്ടാകുന്ന പദ്ധതി ആയിരുന്നു സുബലാ പാർക്ക്. കാൽനൂറ്റാണ്ട് കഴിഞ്ഞു പാർക്കിന്റെ നിർമ്മാണം ആരംഭിച്ചിട്ട്. ഇതുവരെ പകുതി പോലും പൂർത്തിയാക്കിയിട്ടില്ല. ആദ്യ ഘട്ടമായി അനുവദിച്ച 2.97 കോടി രൂപയിൽ 1.16 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു ചുമതല. നിർമ്മാണം തീർക്കുന്നതിനനുസരിച്ച് ഫണ്ട് ലഭിക്കുമെന്നായിരുന്നു ധാരണ. അറുപത് ലക്ഷം രൂപ കുടിശിക ആയതോടെ നിർമ്മിതി കേന്ദ്രം നിർമ്മാണം നിറുത്തിവച്ചു. നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ 3.5 കോടിയും ബോട്ടിംഗിനും പാർക്കിംഗിനുമായി 1.5 കോടിയും കൂടി വേണം. രണ്ടാം ഘട്ടത്തിൽ രണ്ട് കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. കംഫർട്ട് സ്റ്റേഷൻ, കഫ്റ്റീരിയ, നടപ്പാത എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. മൂന്നാം ഘട്ടത്തിലാണ് ബോട്ടിംഗ്, പാർക്കിംഗ് എന്നിവയ്ക്കായുള്ള സാധന സാമഗ്രികൾ വാങ്ങുന്നത്.
--------------------
>പൂർത്തിയാകാനുള്ളത്
തറ ടൈൽ ഇടണം. സാനിറ്ററി ഉപകരണങ്ങൾ സ്ഥാപിക്കണം.
രണ്ടാമത്തെ കുളത്തിന്റെ അരികുകൾ കെട്ടണം.
കൺവെൻഷൻ സെന്റർ വൃത്തിയാക്കണം.
അടുക്കളയുടേയും ശുചിമുറിയുടേയും പണി
കുളത്തിന്റെയും നടപ്പാതയുടെയും പണി
വൈദ്യുതീകരണം
-------------------------
"നിർമ്മാണം പൂർത്തിയാക്കാനായി പുതിയ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. 3 കോടി രൂപ ലഭിച്ചാൽ ഏറെക്കുറെയെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിയമസഭയിൽ മന്ത്രി തോമസ് ഐസക്ക് ഇക്കാര്യം ഉന്നയിച്ചിരുന്നു. എത്രയും വേഗം പൂർത്തിയാക്കാൻ സാധിക്കും"
വീണാ ജോർജ് എം.എൽ.എ
--------------------
കാടുകയറിയ പദ്ധതി
കെ.ബി വത്സലാ കുമാരി ജില്ലാ കളക്ടറായിരുന്ന കാലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുകൾക്ക് തൊഴിലവസരം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. പട്ടികജാതി വനിതകൾക്ക് തയ്യൽപരിശീലനത്തിനായി നിരവധി തയ്യൽമെഷീനുകൾ വാങ്ങിയിരുന്നു. ഇവയെല്ലാം ഇപ്പോൾ നശിച്ച് പാർക്കും ചുറ്റുപാടും കാട് കയറിയ നിലയിലാണ്.