തണ്ണിത്തോട്: മലയോര ഗ്രാമങ്ങൾ ഉൾപ്പെട്ട തണ്ണിത്തോട് പഞ്ചായത്തിൽ രാത്രികാലത്ത് ചികിത്സ സൗകര്യങ്ങളില്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടിലാക്കുന്നു. ആർദ്രം പദ്ധതിയിലൂടെ തണ്ണിത്തോട് പ്രാഥമീകാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും രാവിലെ 9 മുതൽ വൈകിട്ട് 6വരെയെ ഇവിടെ ചികിത്സയുള്ളൂ.രാത്രിയിൽ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ വേണ്ടി വന്നാൽ ജനങ്ങൾ പത്തനംതിട്ടയിലെയും കോന്നിയിലെയും ആശുപത്രികളെ ആശ്രയിക്കണം. തണ്ണിത്തോട്,തേക്കുതോട്,മണ്ണീറ,കരുമാൻതോട്, മേടപ്പാറ,എലി മുള്ളംപ്ലാക്കൽ, മൂർത്തി മൺ,മേക്കണ്ടം,പറക്കുളം,തൂമ്പാക്കുളം, പൂച്ചക്കുളം, ഏഴാന്തല,കൂത്താടിമൺ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെല്ലാം രാത്രിയിൽ അടിയന്തര ചികിത്സ വേണ്ടിവന്നാൽ കോന്നിയിലെയും പത്തനംതിട്ടയിലെയും ആശുപത്രികളെയും,ചിറ്റാറിലെ രണ്ട് സ്വകാര്യ ക്ലിനിക്കുകളേയുമാണ് ആശ്രയിക്കുന്നത്.
തണ്ണിത്തോട് പഞ്ചായത്തിലെ സ്വകാര്യ ക്ലിനിക്കുകൾ പകൽ സമയത്ത് മാത്രമാണ് പ്രവർത്തിക്കുന്നത്.പ്രാഥമീകാരോഗ്യകേന്ദ്രം കുടുബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന് ശേഷം പകൽ മുഴുവൻ ഡോക്ടറുടെ സേവനവും മെച്ചപ്പെട്ട ലബോറട്ടറിയും,രോഗികൾക്ക് ടോക്കൺ സൗകര്യവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി 24 മണിക്കൂർ കിടത്തി ചികിത്സ ആരംഭിച്ചാൽ പഞ്ചായത്തിലെ 13 വാർഡുകളിലും ഏറെ പ്രയോജനപ്പെടും.
തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കിമാറ്റി രാത്രിയിൽ ചികിത്സ സൗകര്യമേർപ്പെടുത്താൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എം.വി.അമ്പിളി
(തണ്ണത്തോട് പഞ്ചായത്ത് പ്രസിഡന്റ് )
തണ്ണിത്തോട് പഞ്ചായത്തിലെ നിലവിലെ സ്ഥിതി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
പ്രവീൺ പ്രസാദ്
സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി