05-fire-1
ചെങ്ങന്നൂർ ഫയർ ഫോഴ്‌സ്


ചെങ്ങന്നൂർ: രക്ഷാകരങ്ങളുമായി ഓടി എത്തുന്ന ചെങ്ങന്നൂരിലെ ഫയർഫോഴ്സ് ജീവനക്കാരുടെ കാര്യം കഷ്ടംതന്നെ.അപകടം നിറഞ്ഞ ഓഫീസ് മുറികളും കെട്ടിടവും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നിസഹായരായി നോക്കി നില്ക്കാനാണ് ഇവരുടെ വിധി.ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും ജീർണിച്ചു.മഴക്കാലമായാൽ അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കുമ്മായച്ചുവരിലേക്ക് വ്യാപിക്കും.കെട്ടിടത്തിന്റെ ഒട്ടുമിക്ക ഭാഗത്തും മേൽക്കൂര പൊളിഞ്ഞിട്ടുണ്ട്.ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിത്തകർന്നു.മഴ പെയ്താൽ ഹാളിനകവും ഓഫീസ് മുറികളുമടക്കം വെള്ളംകെട്ടിക്കിടക്കും.ചെങ്ങന്നൂർ പഞ്ചായത്തിന്റെയും പിന്നീട്‌ നഗരസഭയായപ്പോഴും അവയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ 2005ലാണ് ഫയർഫോഴ്സ് പ്രവർത്തനം ആരംഭിച്ചത്.ഏതു നിമിഷവും നിലംപതിക്കുന്ന സ്ഥിതിയിലാണ് കെട്ടിടം.സ്വന്തം കെട്ടിടമല്ലാത്തതിനാൽ ഫയർ ഫോഴ്‌സ് അറ്റകുറ്റപണികൾ നടത്താറില്ല.ഇടയ്ക്ക്,ഫയർ ഫോഴ്‌സ്കെട്ടിടം ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകിയിരുന്നു.അതു കൊണ്ടു തന്നെ അവരും കെട്ടിടം നന്നാക്കാൻ തയാറായില്ല.ഇതേ തുടർന്ന് കെട്ടിടത്തിന് പൊതുമരാമത്ത് വിഭാഗംഅൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ്.വെള്ളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ വേണ്ട പരിശീലമോ ഉപകരണങ്ങളോ ജീവനക്കാർക്കില്ല.

പലതും ഇല്ല, ഉള്ളത് കൊള്ളത്തുമില്ല

ഫയർസ്റ്റേഷനിൽ ഉപയോഗയോഗ്യമായ ഫയർ എക്സ്റ്റിംഗ് ഗ്വിഷർ ഇല്ല. രാത്രിയിലുണ്ടാകുന്ന അത്യാഹിതത്തിന് അസ്‌കലൈറ്റ് ഇവിടെ ഉണ്ടെങ്കിലും ഉപയോഗിക്കാനാവില്ല.ജനറേറ്റർ നൽകുന്ന വൈദ്യുതിയിൽ തൂണുപോലെ ഉയർന്നു നിന്ന് അര കിലോമീറ്ററോളം വെള്ളിവെളിച്ചം പകരുന്നതാണ് അസ്‌ക ലൈറ്റ്.തീപിടിത്തം ഉണ്ടാകുമ്പോൾ പൊള്ളലേൽക്കാതെ രക്ഷാപ്രവർത്തനം നടത്താൻ ഫയർമാൻമാർക്ക് സഹായകമാകുന്ന ഫയർ സ്യൂട്ടുകളും സ്റ്റേഷനിലില്ല.മൂന്നു വാട്ടർ ടെൻഡറിൽ രണ്ടെണ്ണവും പ്രവർത്തനരഹിതം. ചേർത്തലയിൽ നിന്നു കൊണ്ടുവന്ന വാഹനമാണ് ഇവിടെ ഉപയോഗിക്കുന്നത്.4500,2500 ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ളതാണ് ഓട്ടം നിലച്ച വാട്ടർ ടെൻഡറുകൾ.ഒരു മാസമായി ഇവ തകരാറിലായിട്ട്.തീപിടുത്തമുണ്ടായാൽ അണയ്ക്കുവാനുള്ള ഫയർ ഹൈഡ്രന്റുകളും ഇവിടില്ല.നിലവിൽ വെള്ളം തീർന്നാൽ അടുത്തുള്ള ജലാശയങ്ങളിൽ നിന്നുമാണ് വെള്ളം എടുക്കുന്നത്.ഇത് സമയനഷ്ടവും അപകടത്തിന്റെ തീവ്രതയും വർദ്ധിപ്പിക്കും.

അഗ്നിബാധയുടെ എണ്ണം വർദ്ധിച്ചു

ചെങ്ങന്നൂർ സ്റ്റേഷന്റെ പരിധിയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 62 ഇടത്ത് അഗ്‌നിബാധയുണ്ടായി.തരിശുപാടങ്ങളിലെ പുല്ലിനും പാതയോരങ്ങളിലും സ്വകാര്യ പുരയിടങ്ങളിലും സർക്കാർ പുറമ്പോക്കുകളിലുമുള്ള കരിയിലയ്ക്കും കുറ്റിക്കാടുകൾക്കും തീ പടർന്നതിനെ തുടർന്നുള്ള കേസുകളായിരുന്നു ഇതിലേറെയും.

ദിവസവും രണ്ടിൽ കുറയാതെയുള്ള ഫോൺ കോളുകൾ തീപിടുത്തവുമായി എത്താറുണ്ട്.

ചെങ്ങന്നൂർ

ഫയർ ഓഫീസർ

-രണ്ട് മാസത്തിനുള്ളിൽ 62 അഗ്നിബാധകൾ