പന്തളം: നഗരത്തിന്റെ വരുന്ന 20 വർഷത്തേ വികസനം ലക്ഷ്യമാക്കി പത്തനംതിട്ട ടൗൺ പ്ലാൻ തയാറാക്കിയ മാസ്റ്റർ പ്ലാൻ അപാകത നിറഞ്ഞതും ദീർഘവീക്ഷണമില്ലാതെയും തയാറാക്കിയിട്ടുള്ളതാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആറ് മീറ്റർ മാത്രം വീതിയുള്ള റോഡുകൾക്ക് 61മീറ്റർ, 41മീറ്റർ, 31 മീറ്റർവരെ വീതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. മൂന്നു സെന്റും അഞ്ചും സെന്റും വസ്തുവും വീടുമുളളവർക്ക് വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടുന്ന തരത്തിലാണ് ഇത്.അച്ചൻകോവിലാറിന് കുറുകെ കുളനട,വെൺമണി പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ നിർദേശിക്കപ്പെട്ടിട്ടില്ല. പ്രളയത്തിൽ നിന്നും രക്ഷ നേടാൻ തീരപ്രദേശത്ത് കരിങ്കൽ ചിറയോ മൺചിറയോ നിർമ്മിക്കാനും,കെ.എസ്.ടി.പി.റോഡിനു സമാന്തരമായി മേൽപ്പാലം നിർമ്മിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും,വലക്കടവു ബണ്ടിനു പകരം പാലം നിർമ്മിച്ചു സുഗമമാക്കാനും നിർദ്ദേശങ്ങളില്ല. സാധാരണക്കാരനുഭാരമേൽപ്പിക്കുന്ന അശാസ്ത്രിയമായി തയാറാ​ക്കിയിട്ടുള്ള മാസ്റ്റർ പ്ലാൻ നഗരസഭാ കൗൺസിലിൽ വിശദമായ ചർച്ച നടത്തിയും പൊതുജനാഭിപ്രായം തേടിയും മാത്രമേ അംഗീകാരത്തിന് സമർപ്പിക്കാവു എന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ.വിജയകുമാർ എ.നൗഷാദ് റാവുത്തർ എന്നിവർ ആവശ്യപ്പെട്ടു.