പത്തനംതിട്ട : കുടുംബശ്രീ ഉൽപ്പന്നങ്ങൾ 15 മുതൽ ജില്ലയിലെ ഓരോ വീട്ടിലേക്കും എത്തും. വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായി ആണിത്. ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ പ്രവർത്തകരും ഉദ്യോഗസ്ഥരും സംരംഭകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ വീടുകളിലെത്തും. ജില്ലയിലെ 3000ൽ പരം സംരംഭകരുടെ നിത്യോപയോഗ സാധനങ്ങൾ മുതൽ വിവിധ തരം വസ്ത്രങ്ങൾ, സ്കൂൾ ബാഗുകൾ തുടങ്ങി വിവിധ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനത്തിനായി ഭവനങ്ങളിൽ എത്തിക്കും. ഗുണമേന്മയുള്ള കുടുംബശ്രീ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ പ്രാദേശിക വിപണി കണ്ടെത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.

വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം കൂടാതെ ഷീടോക്ക്, നാനോ മാർക്കറ്റ്

പരിപാടികളിലൂടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

1. ഷീ ടോക്ക്

ജില്ലയിലെ മികച്ച സംരംഭകരെ തെരഞ്ഞെടുത്ത് അവരുടെ അനുഭവങ്ങളും വെല്ലുവിളികളും കുടുംബശ്രീ സംരംഭകരുമായും അംഗങ്ങളുമായും പങ്ക് വയ്ക്കുന്ന പരിപാടിയാണ് ഷീ ടോക്ക്. ഇത് വനിതാദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും, ജില്ലയിൽ 3 വേദികളിലായി ഇന്നും 7നും പത്തനംതിട്ട, തിരുവല്ല, പറക്കോട് എന്നിവിടങ്ങളിൽ ഷീ ടോക്ക് സംഘടിപ്പിക്കും. മികച്ച സംരംഭകരുടെ അനുഭവങ്ങളും വിജയഗാഥയും ഉൾപ്പെടുത്തി ലഘുരേഖകൾ തയാറാക്കും. ഇതിലൂടെ പുതിയ സംരംഭക ഗ്രൂപ്പുകൾ രൂപീകരിക്കാൻ പ്രചോദനം നൽകും.

2. നാനോ മാർക്കറ്റ്

എല്ലാ സി.ഡി.എസുകളിലും കുടുംബശ്രീയുടെ സ്ഥിരവിപണന കേന്ദ്രങ്ങൾ എന്ന ഉദേശ്യത്തോടെയാണ് നാനോ മാർക്കറ്റുകൾ ആരംഭിക്കുക. സി.ഡി.എസുകൾ തെരഞ്ഞെടുക്കുന്ന സൂപ്പർമാർക്കറ്റുകളിലും വിപണനകേന്ദ്രങ്ങളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കായി ഒരു സ്ഥിരം ഷെൽഫ് ഉണ്ടാകും. ഇതിന്റെ തുടക്കം എന്ന നിലയിൽ 16ന് മെഴുവേലി പഞ്ചായത്തിൽ മിനി ബസാർ ഉദ്ഘാടനം ചെയ്യും. സി.ഡി.എസുകളുടെ പരിധിയിലുള്ള കടകളിലെല്ലാം ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭിക്കുന്നതിനുള്ള നാനോ മാർക്കറ്റുകൾ സ്ഥാപിക്കുന്നുണ്ട്.

ജില്ലയിൽ ആകെ 1276 അയൽക്കൂട്ടങ്ങളും 58 സി.ഡി.എസുകളും.

"എല്ലാ വീടുകളിലും കുടുംബശ്രീ ഉൽപ്പന്നം എത്തിയ്ക്കാനുള്ള പദ്ധതിയാണിത്. ചില ഉത്സവസമയങ്ങളിൽ മാത്രം ഉൽപാദനം നടത്തുന്നവർ അനേകരുണ്ട്. അവർ മുഴുവൻ സമയം സംരംഭകരായി തുടരാൻ ഈ പദ്ധതി സഹായിക്കും. വനിതാദിനത്തിന്റെ ഭാഗമായി 7ന് രാത്രി 7 മുതൽ 9 വരെ അയൽക്കൂട്ടം കൂടി വിവിധ പരിപാടികൾ സംഘടിപ്പിക്കും. "

കെ. വിധു

കുടുബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ