റാന്നി: റാന്നി-നാറാണംമൂഴി പഞ്ചായത്തുകളുടെ അതിരുകാക്കുന്ന നീരാട്ടുകാവ് വട്ടകപ്പാറ മലയിലേത് വനഭൂമിയാണന്ന് സബ്​കളക്ടറുടെ റിപ്പോർട്ട്. വട്ടകപ്പാറ മലയിൽ 10 ഏക്കറിൽ പുറത്തു വരുന്ന വനഭൂമിയിൽ ഡെൽറ്റ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി കരിങ്കൽ ക്വാറിയ്ക്ക് അപേക്ഷ നൽകിയ ശേഷം റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവിടെയുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചുനീക്കിയതിനെതിരെ പ്രദേശവാസികൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരുവല്ല ആർ. ഡി. ഒ കൂടിയായ സബ് ​ കളക്ടർ വിനയ്‌ഗോയൽ സ്ഥലം സന്ദർശിച്ച് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ റാന്നി താലൂക്കിൽ ചേത്തിക്കൽ വില്ലേജിൽ സർവേ നമ്പർ 781/1 ൽപ്പെട്ട 4.3440 ഹെക്ടർ സർക്കാർ ഭൂമി വനഭൂമിയാണന്നു വ്യക്തമാക്കിയിരിക്കുന്നത്. വനഭൂമിയാണന്ന് അറിഞ്ഞു കൊണ്ട് റാന്നി തഹസിൽദാർ സാജൻ കുര്യാക്കോസ് ചേത്തക്കൽ വില്ലേജ് ഓഫീസർ സുനിൽ എം നായർ എന്നിവർ അടങ്ങുന്ന റവന്യൂ സംഘം ക്വാറി നടത്തിപ്പിന് നിരാക്ഷേപപത്രം നൽകുകയും വനഭൂമി കൈയേറി മരങ്ങൾ മുറിച്ചു കടത്തുന്നതിന് കൂട്ടുനിന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവർക്കെതിരെ സബ് കളക്ടർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വകുപ്പുതല നടപടിയ്ക്ക് ശുപാർശ ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു.ക്വാറി വനം മാഫിയയുടെ സ്വാധീനത്തിൽ നടപടി സ്വീകരിക്കാത്തതിനെതിരെയും കോടികളുടെ മരങ്ങൾ കടത്തികൊണ്ടുപോയവർക്കെതിരെ തുശ്ചമായ തുക പിഴ ഒടുക്കി കേസ് ഒത്തുതീർപ്പാക്കിയതിനെതിരെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്തും സെക്രട്ടറി റെജി മലയാലപ്പുഴ, ബിജു വി ജേക്കബ്, ബിജു മോഡി എന്നിവർ അറിയിച്ചു.