പത്തനംതിട്ട: ലോക നാടക ദിനത്തോടനുബന്ധിച്ച് 28ന് ഭിന്നശേഷി കുട്ടികൾക്ക് നാടക ക്യാമ്പ് നടത്തുന്നതിന് പത്തനംതിട്ട വൈ.എം.സി.എ ഹാൾ അനുവദിച്ച ശേഷം അനുമതി റദ്ദാക്കിയത് വിവാദമായി. നാടക കലാകാരൻമാരുടെ സംഘടനായായ 'നാടക് ', പത്തനംതിട്ട ബി.ആർ.സി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിനാണ് ഹാൾ നിഷേധിച്ചത്. ക്യാമ്പിന് ഹാൾ വിട്ടുതാരാമെന്ന് വൈ.എം.സി.എ അധികൃതർ സമ്മതിച്ചതാണെന്ന് നാടക് പ്രസിഡന്റ് മനോജ് സുനിയും സെക്രട്ടറി പ്രിയരാജ് ഭരതനും പറഞ്ഞു. കുട്ടികൾ ഉച്ചഭക്ഷണം വാരിയെറിഞ്ഞ് ഹാൾ വൃത്തികേടാക്കുമെന്ന് പറഞ്ഞാണ് വൈ.എം.സി.എ അധികൃതർ അനുമതി നിഷേധിച്ചത്. ഇത് ഭിന്നശേഷി കുട്ടകളോടുളള അവഹേളനമാണെന്നും ബാലവാകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും അവർ പറഞ്ഞു.
എന്നാൽ, ഹാളിൽ മലിന ജലം ഒഴുക്കിക്കളയുന്നതിനുളള സംവിധാനങ്ങളില്ലെന്ന് മാത്രമാണ് നാടക് ഭാരവാഹികളെ അറിയിച്ചതെന്ന് വൈ.എം.സി.എ ഒാഫീസ് സെക്രട്ടറി റോണി പറഞ്ഞു. ഉച്ചഭക്ഷണം ഹാളിൽ നേരത്തേ മുതൽ അനുവദിക്കാറില്ല. ഹാൾ വിട്ടുതരണമെന്ന് പറഞ്ഞവരെ ഇതും അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.