തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ തോടുകളുടെ വശങ്ങൾ കയർഭൂവസ്ത്രം വിരിച്ചു സംരക്ഷിക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊടിയാടി പുത്തൻതോട്, വൈക്കത്തില്ലം തോട്, കല്ലുങ്കൽ കിടയിൽ തോട്, വാളകത്തിൽ തോട്, അമിച്ചകരി കളത്തിപ്പടി തോട് എന്നിവയാണ് സംരക്ഷിക്കുന്നത്. ഇതിനായി 3000 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തും. നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചുതോടുകളുടെ നവീകരണത്തിനായി 26.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പൊടിയാടി തോടിന് 10 ലക്ഷം രൂപയുടെ പ്രവർത്തികളാണ് ചെയ്യുന്നത്. പൊടിയാടി ജംഗ്‌ഷന് സമീപത്തെ പാലത്തിന്റെ ഇരുവശങ്ങളുമായി 1.75 കിലോമീറ്റർ നീളത്തിൽ കയർഭൂവസ്ത്രം വിരിക്കും. വൈക്കത്തില്ലം തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈക്കത്തില്ലം പാലം മുതൽ വടക്കോട്ട് 500 മീറ്റർ നീളത്തിൽ പൂർത്തിയാക്കും. ഇതിനായി നാലുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കല്ലുങ്കൽ കിടയിൽ തോട്ടിൽ 500 മീറ്റർ നീളത്തിൽ നാലുലക്ഷം രൂപയുടെ പ്രവർത്തികൾ നടപ്പാക്കും. വാളകത്തിൽ തോട്ടിലും പാലത്തിന്റെ ഇരുവശങ്ങളിലുമായി 500 മീറ്റർ നീളത്തിൽ കയർഭൂവസ്ത്രം വിരിക്കും. ഇതിനായി ചെലവഴിക്കുന്നത് നാലുലക്ഷം രൂപ രൂപയാണ്. അമിച്ചക്കരി കളത്തിൽപ്പടി തോട്ടിൽ 600 മീറ്റർ നീളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. ഇതിനായി നാലരലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ആദ്യഘട്ട ജോലികൾ ഈമാസം പൂർത്തിയാക്കും.
-------------------
തോടുകൾ സൗന്ദര്യവത്കരിക്കും
നിലവിലെ പ്രാദേശിക തോടുകളുടെ വശങ്ങൾ വൃത്തിയാക്കി അവിടെ കയർകൊണ്ട് നിർമ്മിച്ചിട്ടുള്ള വിരി പാകി ഉറപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. ഇതിനായി കയർ കോർപ്പറേഷന്റെ ആലപ്പുഴയിലെ യൂണിറ്റിൽ നിന്ന് 1.5 ലക്ഷം ചതുരശ്ര അടി കയർഭൂവസ്ത്രം എത്തിച്ചിരിക്കുന്നത്. തുടർന്ന് പുല്ലു നട്ടുവളർത്തി മനോഹരമാക്കി തോടുകളുടെ വശങ്ങൾ സംരക്ഷിക്കും. തുടർന്ന് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുള നട്ടുവളർത്തുന്ന ജോലികളും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
-----------------
നെടുമ്പ്രം പഞ്ചായത്തിലെ തോടുകളുടെ ബാക്കിയുള്ള സംരക്ഷണ ജോലികൾ അടുത്ത സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും.
കെ.ജി.സുനിൽകുമാർ
പഞ്ചായത്ത് പ്രസിഡന്റ്
നെടുമ്പ്രം
-------------
26.5 ലക്ഷം രൂപയുടെ പദ്ധതി