തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിക്ക് തുടക്കം കുറിച്ച് കമുക് പിഴൽ ചടങ്ങ് ഇന്ന് രാത്രി 9ന് നടക്കും. അടവി തുള്ളിപ്പോവുന്ന ആൾതൊട്ടു കാണിക്കുന്ന കമുക് പിഴുതെടുത്ത് ക്ഷേത്രത്തിന് മുൻപിലുള്ള ഇലഞ്ഞിമരത്തിൽ ചാരിവയ്ക്കും. ഇത് പടയണിക്ക് കൊടിയേറിയതിന്റെ സൂചകമായാണ് ഭക്തർ കാണുന്നത്. 18 ദിവസത്തെ ചൂട്ടു പടയണിയും 10 ദിവസത്തെ കോലം എഴുതിത്തുള്ളലും ഉൾപ്പെടെ 28 ദിവസത്തെ പടയണിയാണ് പുതുക്കുളങ്ങരയിൽ നടക്കുന്നത്. മഹാപ്രളയശേഷം ആദ്യമായാണ് പുതുക്കുളങ്ങര ക്ഷേത്രം പടയണിക്കായി ഒരുക്കുന്നത്. ഏപ്രിൽ ഒന്നിനാണ് തിരുവാതിര ഉത്സവവും വലിയ പടയണിയും. വഴിപാട് കോലങ്ങളുടെ സമർപ്പണം 23 മുതൽ നടക്കും. ആകാശം മുട്ടെ ഉയരത്തിൽ വിസ്മയം തീർക്കുന്ന ആയിരത്തൊന്നു പാളയിൽതീർത്ത മഹാഭൈരവിക്കോലത്തിന്റെ വരവ് ഏപ്രിൽ 2ന് പുലർച്ചെയാണ്. നൂറുകണക്കിന് വഴിപാട് കോലങ്ങളാണ് പുതുക്കുളങ്ങര ദേവിക്ഷേത്രത്തിൽ സമർപ്പണത്തിനെത്തുന്നത്. കടുത്ത വേനലും പാളയുടെ ക്ഷാമയും പടയണിയുടെ സംഘാടനത്തിന് വലിയ വെല്ലുവിളിയാണ്. പ്രളയത്തെ തുടർന്ന് മഹാ ഭൈരവിക്കോലത്തിന്റെ ഉരുപ്പടികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.