പത്തനംതിട്ട: കാതടപ്പിക്കുന്ന ശബ്ദത്തിലും നമ്പർ പ്ളേറ്റില്ലാതെയും ആഢംബര ബൈക്കുകൾ ഒാടിച്ച മൂന്നുപേരെ പത്തനംതിട്ട ട്രാഫിക് പാെലീസ് പിടികൂടി. ബൈക്കുകൾ പിടിച്ചെടുത്ത ശേഷം ശക്തമായ നടപടിക്ക് മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് നൽകി. രണ്ട് പേർക്ക് ലൈസൻസുണ്ടായിരുന്നില്ല. കെ.എസ്.ആർ. ടി.സി, അബാൻ ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ പിടിച്ചെടുത്തത്. നമ്പർ പ്ളേറ്റില്ലാതെയും സൈലൻസർ മാറ്റി ഘടിപ്പിച്ചുമാണ് ബൈക്കുകൾ ഒാടിച്ചിരുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും പിഴയീടാക്കാനും ആർ.ടി.ഒയ്ക്ക് ട്രാഫിക് പൊലീസ് റിപ്പോർട്ട് നൽകി. സൈലൻസർ മാറ്റിയതിന് 5000 രൂപയും ലൈസൻസ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ഇൗടാക്കുന്നത്.
ജില്ലാ െപാലീസ് ചീഫിന്റെ നിർദ്ദേശ പ്രകാരം ട്രാഫിക് എസ്.എെ സുരേഷ് കുമാർ, എ.എസ്.എെ രമേശ് കുമാർ, സി.പി.ഒ മാരായ ബിനീഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്. തുടർന്നുളള ദിവസങ്ങളിലും പരിശോധന നടത്തും.