പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ പഠിച്ചിറങ്ങിയ 1992 പേർക്ക് കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ ജോലി ലഭിച്ചതായി സെന്റർ മാനേജർ സജു ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. 2017ലാണ് പത്തനംതിട്ടയിൽ കേന്ദ്രം ആരംഭിച്ചത്. 2015 പേരാണ് 2017-2019 കാലയളവിൽ ഇവിടെ വിവിധ കോഴ്‌സുകളിലായി തൊഴിൽ പരിശീലനം നേടിയത്. കേന്ദ്രസർക്കാരിന്റെ നൈപുണ്യവികസന മന്ത്രാലയം നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ മുഖേനയാണ് എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും കൗശൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഗുണനിലവാരമുള്ള പരിശീലനം നൽകുക വഴി തൊഴിൽ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ ഈ പരിശീലന പദ്ധതി തികച്ചും സൗജന്യമാണ്. പഠനസാമഗ്രികളും യൂണിഫോമും സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കി വിവിധയിടങ്ങളിൽ ജോലി നേടിയവർക്ക് 5000 രൂപ കേന്ദ്ര സർക്കാർ സ്റ്റൈഫന്റ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്ന ഓരോ ബാച്ചിലേയും 70 ശതമാനം ആളുകൾക്കും ജോലിലഭ്യത ഉറപ്പുവരുത്തും. മിനിമം സാലറി ഉറപ്പുവരുത്തിയാണ് ജോലി തരപ്പെടുത്തിക്കൊടുക്കുന്നത്.

പത്തനംതിട്ട കേന്ദ്രത്തിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് 30ഒഴിവുകളും, റീട്ടെയിൽ സെയിൽസ് മാനേജ്‌മെന്റ് കോഴ്‌സിന് 60സീറ്റുകളുമുണ്ട്. കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് കോഴ്‌സിൽ അൻപതും കമ്പ്യൂട്ടർ ഹാർഡ് വെയർ ടെക്‌നീഷ്യൻസ് കോഴ്‌സിൽ 35സീറ്റുകളും ഉണ്ട്. പ്രവേശനം ലഭിക്കാൻ ആധാർകാർഡ് നിർബന്ധമാണ്. ബയോമെട്രീക് അറ്റൻഡൻസും സിസിടിവി നീരീക്ഷണവും സ്ഥാപനത്തിൽ ഉണ്ട്. 14 ഹൈടെക് ക്ലാസ്‌റൂമുകളും സജ്ജമാക്കിയതായി സെന്റർ മാനേജർ സജുജോർജും ,സീനിയർ ബ്ലോക്കു ലെവൽ മൊബലൈസർ എ.സുൾഫിയയും പറഞ്ഞു.