പത്തനംതിട്ട: പൂവൻപാറ മലങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആർ.എസ്.എസ് - ഡി.വൈ.എഫ്‌.െഎ. സംഘർഷം. രണ്ട് ഡി.വൈ.എഫ്‌.െഎക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ചൊവ്വാഴ്ച രാത്രി 12മണിയോടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. ഗാനമേളയ്ക്കിടെ ഡാൻസ് ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഡി.വെ.എഫ്‌.െഎ. പ്രവർത്തകരായ അജ്മൽ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 10 ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തെ തുടർന്ന് യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് വിപിൻ കുമാറിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കാർ അടിച്ചു തകർത്തു. നഗരസഭ കൗൺസിലർ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ബി.ജെ.പി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജനറൽ സെക്രട്ടറി വി.എ.സൂരജ്, സെക്രട്ടറി കൊടുമൺ ആർ.ഗോപാലകൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് എ. കൃഷ്ണ എന്നിവർ വിപിൻ കുമറിന്റെ വീട് സന്ദർശിച്ചു.