പത്തനംതിട്ട : മാസം തികയാതെ പ്രസവിച്ച മൈലപ്ര ലക്ഷം വീട് കോളനിയിലെ ജോളിയ്ക്കും കുഞ്ഞിനും രക്ഷകരായത് 108 ആംബുലൻസുകാർ. ബുധനാഴ്ച രാത്രി 7.30 ന് ജോളിയ്ക്ക് രക്തസ്രാവവും പ്രസവ വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് സമീപത്തെ ആശാവർക്കർ മൈലപ്ര പി.എച്ച്.സിയിലെ നഴ്സ് ഷിജിലയെ വിവരം അറിയിക്കുകയായിരുന്നു. ഷിജിലയാണ് 108ലേക്ക് കോൾ ചെയ്തത്. മൈലപ്രയിലെ വാഹനമെത്താത്ത ചെങ്കുത്താമലയുടെ മുകളിൽ ആണ് ജോളിയുടെ വീട്. ആംബുലൻസ് എത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു ജോളി. കുട്ടി പാതി പുറത്തേക്ക് വന്ന നിലയിൽ. ഉടനെ തന്നെ കൂടുതൽ ആലോചിക്കാതെ ഇവരുടെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമമായിരുന്നുവെന്ന് 108ലെ നഴ്സ് നന്ദു പറയുന്നു. കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം കുഞ്ഞിനേം അമ്മയേയും കൊണ്ട് താഴെ റോഡിലുള്ള ആംബുലൻസിലേക്ക് ഇറക്കം ഇറങ്ങി ഓടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അഫ്സലിന്റെ അവസരോചിതമായ ഇടപെടലിലൂടെ വേഗത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. ജോളിയുടെ നാലാമത്തെ കുഞ്ഞാണിത്. അമ്മയും കുഞ്ഞും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.