ഇലന്തൂർ : കൊട്ടും, പാട്ടും കുരവയുമായി കാവുണരുകയാണ്. കാച്ചികൊട്ടിയ തപ്പിൽ നിന്നുയർന്ന ശുദ്ധതാളത്തിന്റെ മേളത്തിനൊത്ത് ദേവതമാർ ഓരോന്നായി കളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. രണ്ടാം പടയണിരാവിൽ ഭഗവതികുന്നിലമ്മയുടെ മൂലസ്ഥാനമായ കാരയ്ക്കാട്ട് രക്ഷസ്സ് നടയ്ക്ക് സമീപത്ത് നിന്ന് ചൂട്ടിന്റെ പ്രഭാപൂരത്തിൽ വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയിൽ എത്തിയ കോലങ്ങളെ കളത്തിലേക്ക് ആനയിച്ചു. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളോടൊപ്പം എത്തിയ നിണഭൈരവി ഭാവതീവ്രതയിൽ വേറിട്ടു നിന്നു. നാഗത്തലയും പൂവും ഒഴിവാക്കി ഒരു മുഖം മാത്രം എഴുതി ബാക്കി ഭാഗങ്ങളിൽ രക്തവർണ്ണത്തിലും തൃക്കണ്ണിൽ കത്തുന്ന പന്തവും മുഖത്ത് കറുപ്പുമിട്ട് പല്ലും കുറിയുമായി അടന്തതാളത്തിൽ തുടങ്ങി ചടുലമായ മുറുക്കവുമായാണ് നിണഭൈരവി കളമൊഴിഞ്ഞത്.
ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം രുദ്രമറുത എത്തും. ഒറ്റപ്പാളയിൽ എഴുതി മുഖത്ത് കരിയും കണ്ണും കുറിയുമായി ഒരു കൈയ്യിൽ വാളും മറുകൈയ്യിൽ പന്തവുമായി അരയിൽ ഇലഞ്ഞി തുപ്പും നീണ്ടു ചുരുണ്ടമുടിയുമായി അലറിപ്പാഞ്ഞുവരുന്ന ഈ മറുതാക്കോലം ഭയഭക്തി സമ്മിശ്രമായ വികാരമാണ് ഉണ്ടാകുന്നത്. നാളെയാണ് മേക്ക് കരയുടെ കരപ്പടയണി.