അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'അടൂരിലെ ആനക്കാര്യം' എന്ന പരമ്പരയെ കുറിച്ച് വിവിധ മേഖലകളിലുള്ളവർ പ്രതികരിക്കുന്നു.

ഡിപ്പോയെ തകർക്കുന്നതിനുള്ള ചില നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. നിയമസഭയിൽ ഇത് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചിരുന്നു. മന്ത്രിയെപലതവണ നേരിൽ കണ്ട് പരാതികൾ സമർപ്പിച്ചു. വകുപ്പ് മന്ത്രിയേയും കെ.എസ്.ആർ.ടി.സി എം.ഡിയേയും തെറ്റിദ്ധരിപ്പിക്കും വിധമാണ് ഉദ്യോഗസ്ഥർ മറുപടി നൽകുന്നത്. ലാഭകരമായി നടത്തിയിരുന്ന ഉദയഗിരി സർവീസ് നിറുത്തലാക്കിയത് വരുമാനക്കുറവിന്റെ പേരിലാണ്. അടൂർ - മണിപ്പാൽ സർവീസും നിറുത്തലാക്കുന്നതിനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നത്.ഇതിനെതിരായ ശക്തമായ ചെറുത്ത് നിൽപ്പുണ്ടാകും.

ചിറ്റയം ഗോപകുമാർ എം. എൽ. എ

അടൂർ ഡിപ്പോയെ തകർക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെ അന്വേഷണം ആവശ്യമാണ്. ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി അനിവാര്യമാണ്. ഇതേ നിലയിൽ പോയാൽ അടൂർ ഡിപ്പോയുടെ തകർച്ച ഭാവിയിലുണ്ടാകും. പല പരാതികൾ സമർപ്പിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരും ഇതിന് കുടപിടിക്കുന്ന സമീപനമാണ്.

അടൂർ പ്രദീപ്,

അഡ്മിൻ, ഗ്ളോബൽ അടൂർ ഫേസ് ബുക്ക് കൂട്ടായ്മ

അടൂർ - ഉദയഗിരി സർവീസ് തകർത്തത് അടൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥർ തന്നെയാണ്. ഇത് പുനരാരംഭിക്കുന്നതിനുള്ള ഒട്ടേറെ ശ്രമങ്ങൾ നടന്നെങ്കിലും അതിനെല്ലാം തടസമാകുന്നതും ഉദ്യോഗസ്ഥർ തന്നെയാണ്.സ്വകാര്യ ബസുകാരെ സഹായിക്കുന്നതിനാണ് ലാഭകരമായി നടത്തിയിരുന്ന ഓർഡിനറി സർവീസുകളും നിറുത്തലാക്കിയത്. നിലവിലുള്ള അടൂർ എ.ടി.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റി ആത്മാർത്ഥയുമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കിൽ അടൂർ ഡിപ്പോയുടെ അസ്ഥിവാരം ഇളകും.

അജയൻ,

ആട്ടോറിക്ഷ ഡ്രൈവർ, കീരുകുഴി.

കൃത്യമായ ശമ്പളവും വാങ്ങി സ്വകാര്യ സർവീസുകാർക്ക് ഏറാൻമൂളികളായി നിൽക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥർ തന്നെയാണ് കെ.എസ്.ആർ.ടി. സിയുടെ ശാപം. ഇത് മനസിലാക്കാൻ വകുപ്പ് മന്ത്രിക്കോ, എം.ഡിക്കോ കഴിയുന്നില്ല. ഇക്കാര്യത്തിൽ എം.എൽ.എ കൂടുതൽ ശ്രദ്ധപുലർത്തണം.

അഡ്വ.ബിജു വർഗീസ്.

നഗരസഭ കൗൺസിലർ