നാരങ്ങാനം: കൃഷിക്കും റോഡ് വികസനത്തിനും മുൻഗണന നൽകുന്ന കരട് പദ്ധതി രേഖ ഇന്നലെ നടന്ന ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ പാസാക്കി. ഉല്പാദനമേഖലയ്ക്ക് 25 ലക്ഷം രൂപയും, മാലിന്യ നിർമ്മാർജ്ജനത്തിന് 8 ലക്ഷവും തുക പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിന് കാര്യമായ ശ്രദ്ധ കൊടുത്തിട്ടില്ല എന്നത് വലിയ ന്യൂനതയുമായി.സെമിനാർ ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗം ലീലാ മോഹൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.കാർഷിക മേഖലയ്ക്ക് വലിയ ഭീഷണി ഉയർത്തുന്ന പന്നികളുടെയും മറ്റു മൃഗങ്ങളുടെയും ശല്യം ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺ.വി.തോമസ്,പഞ്ചായത്ത്‌മെമ്പർമാരായ കെ.ജി.സുരേഷ്, ശ്രീകാന്ത് കളരിക്കൽ,പൊന്നമ്മ,റോസമ്മരാജൻ,സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബെന്നി ദേവസ്യ,എന്നിവർ സംസാരിച്ചു.