പത്തനംതിട്ട : നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾക്ക് വേണ്ടി 14ന് കൊല്ലം കരികോട് ടി. കെ.എം.ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള നടത്തും. അമ്പതിൽ പരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, എൻജിനീയറിംഗ്, എച്ച്.ആർ, ഐ.ടി, എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് കൂടി അവരുടെ യോഗ്യത അനുസരിച്ച് തൊഴിൽ ലഭിക്കുന്നതിന് മേളയിൽ അവസരമുണ്ട്.
ഒഡെപെക്കിന്റെ ആഭിമുഖ്യത്തിൽ വിദേശരാജ്യങ്ങളിൽ നഴ്‌സിംഗ് തുടങ്ങിയ പാരാമെഡിക്കൽ ജോലി ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ക്യാമ്പും മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള, 35 വയസ് കവിയാത്ത ഉദ്യോഗാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം. ഈ മാസം 10നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995794641, 8089419930 .