തിരുവല്ല: ആശ്വാസത്തോടൊപ്പം ആശങ്കയും പടർത്തി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ വേനലിന് കുളിരായി. രാവിലെ എട്ടിനും ഉച്ചയ്ക്ക് 12നും രണ്ടുതവണ മഴ കനത്തു. പെയ്തിറങ്ങിയ മഴവെള്ളം റോഡിൽ പതഞ്ഞു പൊങ്ങിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ചില ഭാഗങ്ങളിൽ മഴവെള്ളം പതഞ്ഞു പൊങ്ങിയതോടെ പെയ്യുന്നത് അമ്ല മഴയാണെന്ന അഭ്യൂഹം പരന്നു. എട്ടിന് പെയ്ത മഴ അരമണിക്കൂറോളം നീണ്ടുനിന്നു. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം കനത്തമഴ പെയ്തു. ആലംതുരുത്തി, വേങ്ങൽ, അഴിയിടത്തുചിറ, മേപ്രാൽ, കാരയ്ക്കൽ, പെരിങ്ങര, നെടുമ്പ്രം, പൊടിയാടി, ഉണ്ടപ്ലാവ്, കാവുംഭാഗം എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. നഗരമധ്യത്തിലും താലൂക്ക് ആശുപത്രിക്ക് സമീപ പ്രദേശങ്ങളിലുമാണ് മഴവെള്ളം പതഞ്ഞുപൊങ്ങിയത്. റോഡിൽ വീണ മഴവെള്ളം പതഞ്ഞ് പൊങ്ങി പരന്നൊഴുകിയത് ജനങ്ങൾക്ക് പുതിയ കാഴ്ചയായി. ഇതിനിടെയാണ് അമ്ലമഴയാണ് പെയ്തിറങ്ങുന്നതെന്നും മഴവെള്ളം ശരീരത്ത് വീണാൽ പൊള്ളലും ചൊറിച്ചിലും അനുഭവപ്പെടുമെന്നുമുള്ള തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചത്. ഇതിനിടെ മഴവെള്ളം പതഞ്ഞുപൊങ്ങി ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇത് ആശങ്കയ്ക്കും അഭ്യൂഹങ്ങൾക്കും ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭ്യമായിട്ടുമില്ല. ഇന്നലെ പെയ്ത കനത്തമഴ നെൽക്കർഷർക്ക് ഏറെ അശ്വാസകരമായി. ഈമാസം അവസാന വാരത്തോടെ കൊയ്ത്ത് നടക്കേണ്ട പാടശേഖരങ്ങളിൽ പലതും ജലദൗർലഭ്യം മൂലം കൃഷിനാശം നേരിടുന്ന സാഹചര്യം നേരിടുകയാണ്. കൊടുംചൂടിന് ഇളവുനൽകി ഒരുദിവസം രണ്ടുനേരം ലഭിച്ച മഴ കൃഷിക്ക് ഗുണകരമാണെന്ന് കർഷകർ പറഞ്ഞു.