അടൂർ :പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുമുടി എഴുന്നെള്ളത്ത് മഹോത്സവം ഇന്ന് നടക്കും.അർദ്ധരാത്രിയുടെ യാമങ്ങളിൽ നടക്കുന്ന ഇൗ ചടങ്ങ് ദർശിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ ഇന്ന് പന്നിവിഴയിലേക്ക് എത്തുന്നതോടെ പന്നിവിഴ ഗ്രാമം ഉത്സവലഹരിയിലമരും. ദേവിയുടെ തിരുനാളായ കുംഭമാസത്തിലെ പുണർതം നാളിലാണ് ഉത്സവം നടക്കുന്നത്.ഇന്നലെ രാത്രിയിൽ നടന്ന വിളക്കിനെഴുന്നെള്ളിപ്പ് ഭക്തിസാന്ദ്രമായി.നൂറ് കണക്കിന് സ്ത്രീകൾ പങ്കെടുത്തു.ഇന്ന് ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് 3 മുതൽ കെട്ടുകാഴ്ച നടക്കും.രാവിലെ 11ന് കലശപൂജ,അലശാഭിഷേകം,അലങ്കാരപൂജ,12ന് ഉച്ചപ്പാട്ട്, 3.30ന് വേലൻകളി, നാലിന് ശൂലം തുള്ളൽ,അഞ്ചിന് എഴുന്നെള്ളത്ത്, രാത്രി 8ന് ഭക്തിഗാന സുധ എന്നീ പരിപാടികൾ നടക്കും.11.30ന് എതിരേൽപ്പ് എഴുന്നള്ളത്തോടെ തിരുമുടി എഴുന്നെള്ളത്ത് ചടങ്ങുകൾക്ക് തുടക്കം കുറിക്കും.ജീവതയുടെ അകമ്പടിയിൽ എതിരേൽപ്പ് ആൽത്തറയിൽ നിന്നും ദേവീയെ എതിരേറ്റ് വാദ്യമേളങ്ങൾ,ആൾപ്പിണ്ടി എന്നിവയുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് ആനയിക്കും.1.30ന് ഗുരുതിപ്പുരയിൽ മുടിപ്പേച്ച് നടക്കും.ഭദ്രകാളിയും ദാരികനും തമ്മിലുള്ള പോര് കാളീനാടകത്തിലെ വരികൾ ഉരുവിട്ട് നടത്തുന്ന ദൃശ്യഭംഗി നിറഞ്ഞ പേച്ചാണ് തിരുമുടി എഴുന്നള്ളത്തിന്റെ മുഖ്യ ആകർഷണം.തിരുമുടി ശിരസിലേറ്റിയ പേച്ചിന് ശേഷം പുലർച്ചെ മൂന്ന് മണിയോടെ തിരുമുടി ക്ഷേത്രത്തിന് വലം വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. തുടർന്ന് തിരുമുൻപിൽ പറയിടീൽ.നാളെ രാവിലെ 6.30 ന് തിരുമുടി അകത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 വരെ തിരുമുടി ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ട്.