ഒാമല്ലൂർ: പ്രായം മുപ്പത് കഴിഞ്ഞതേയുളളൂ ഒാമല്ലൂർ പഞ്ചായത്ത് ഗ്രന്ഥശാലയ്ക്ക്. കെട്ടഴിഞ്ഞ പുസ്തകത്താളുപോലെയാണ് യൗവന പ്രായമുളള ഗ്രന്ഥശാല.അടുക്കും ചിട്ടയുമില്ലാതെ പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.ആറായിരം പുസ്തകങ്ങളുണ്ടെന്നാണ് പഞ്ചായത്തിലെ കണക്ക്.എണ്ണി നോക്കിയാൽ പകുതി പോലും കാണില്ല.ഒഴിഞ്ഞ ഷെൽഫുകളിൽ നിന്ന് ഇറങ്ങിപ്പോയതൊന്നും തിരിച്ചെത്തിയിട്ടില്ല. ആരൊക്കെയാണ് കൊണ്ടുപോയതെന്ന് വ്യക്തമായി വിവരങ്ങളില്ല.അടുത്തിടെ ബാലഗംഗാധര തിലകനെ പഠിക്കാനെത്തിയ ചരിത്രാന്വേഷി ലൈബ്രറിയുടെ കോലം കണ്ട് ഞെട്ടി തരിച്ചു പോയി.പഴയ ചില നോവലുകളുടെ ചിതലരിച്ച കോലങ്ങളായി കുറേ പുസ്തകങ്ങളാണ് ലൈബ്രറിയിലുളളത്.ഇരുന്നു വായിക്കാനുളള കസേരകൾ അടുക്കി മൂലയ്ക്ക് ഒതുക്കി വച്ചിരിക്കുന്നു.അക്ഷര കൂമ്പാരങ്ങൾ കണ്ടിരുന്ന മേശപ്പുറത്ത് ഒരു തുണ്ട് കടലാസ് പോലുമില്ല.ചർച്ചകളിൽ വാക്കുകളുടെ തീമേഘങ്ങൾ ഏറ്റുമുട്ടിയ ലൈബ്രറി ഹാൾ ശാന്തമാണ്.ഹാളിന്റെ പകുതി കെട്ടിയടച്ച് പുതിയ ഒരു മുറിയാക്കി.പത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ശൂന്യം.പത്രങ്ങളുടെ പേരുകൾ ഒട്ടിച്ച കടലാസുകൾ പഴകിപ്പൊടിഞ്ഞു. വായന ശാലയെ ആളുകൾക്ക് വേണ്ടാതായെന്ന മുട്ടുന്യായത്തിൽ മുറികെപ്പിടിച്ച് പഞ്ചായത്ത് എല്ലാത്തിനും ന്യായം കണ്ടെത്തു
കയാണ്.പുസ്തകങ്ങൾ വേണ്ടവിധം സൂക്ഷിക്കാൻ സ്ഥിരം ലൈബ്രേറിയനില്ല.പാർട്ട് ടൈം ജീവനക്കാരി ലൈബ്രറി ഉച്ചവരെ വഴിപാട് പോലെ തുറന്നിടും.പിന്നെ അടിച്ചിട്ടു പോകും.
1989ൽ പ്രവർത്തനം തുടങ്ങുമ്പോൾ ലൈബ്രറിയിൽ നൂറ്റൻപതിലേറെ അംഗങ്ങളുണ്ടായിരുന്നു.അന്നത്തെ തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന വി.ജെ.തങ്കപ്പനാണ് ഉദ്ഘാടനം ചെയ്തത്.അഡ്വ.ഒാമല്ലൂർ ശങ്കരനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ലൈബ്രറി തുടങ്ങുന്നതിന് അന്നത്തെ എം.എൽ.എആയിരുന്ന കെ.കെ.നായരുടെ സഹായവും ലഭിച്ചു.ഇപ്പോൾ സജീവ അംഗങ്ങളായി അൻപതിനടുത്ത് ആളുകളെ ഉളളൂവെന്നാണ് അധികൃതർ പറയുന്നത്.
വായനശാലയിൽ അടിസ്ഥാന സൗകര്യം ഒരുക്കണം.പുസ്തകങ്ങൾ പുന:ക്രമീകരിക്കണം.സാംസ്കാരിക പരിപാടികളും പുസ്തകചർച്ചകളും സംഘടിപ്പിച്ച് വായനശാലയുടെ പ്രവർത്തനം സജീവമാക്കണം.
രവീന്ദ്രവർമ്മ അംബാനിലയം,മനു ഡി.ചരുവിള
(ഒാമല്ലൂർ ഗ്രാമസംരക്ഷണ സമിതി)
ലൈബ്രറികളോട് ആളുകൾക്ക് താൽപ്പര്യം കുറഞ്ഞു വരികയാണ്.യോഗ്യതയുളള ഫുൾ ടൈം ലൈബ്രേറിയൻമാരെ നിയമിച്ച് ഗ്രന്ഥശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്താവുന്നതാണ്.
അഡ്വ.ഒാമല്ലൂർ ശങ്കരൻ
(ഒാമല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്)