06sona
സോന മറിയം ബാബു

പത്തനംതിട്ട : കാലിക്കുപ്പികൾ എവിടെക്കണ്ടാലും സോന എന്ന ഇരുപതുകാരി ഒപ്പംകൂട്ടും. വീട്ടിൽ കൊണ്ടുവന്ന് നിറം കൊടുത്ത് സുന്ദരമാക്കുമ്പോൾ കൂപ്പിക്ക് വേറേ ലുക്കാകും. കൗതുകത്തിന് വേണ്ടി തുടങ്ങിയതാണ്. പക്ഷേ സംഗതി ഇപ്പോൾ തരക്കേടില്ലാത്ത വരുമാനം നൽകുന്നുണ്ട്. മാസം പതിനായിരത്തിലധികം രൂപ കിട്ടുന്നുണ്ടെന്ന് സോന പറയുമ്പോഴാണ് കാലിക്കുപ്പി വെറും വേസ്റ്റല്ലെന്ന് മനസിലാകുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് സോന മെറിൻ ബാബു .

ചിത്രരചനയിലുള്ള താത്പര്യമാണ് വേറിട്ട വഴിയിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. പെൻസിൽ ഡ്രോയിംഗ്, ചാർക്കോൾ ഡ്രോയിംഗ് എന്നിവയിൽ മിടുക്കി. കൂട്ടുകാരെയും മറ്റും നോക്കി വരച്ച ചിത്രങ്ങൾ നിരവധിയുണ്ട്. വിവിധ കാർഡുകളും ചെയ്തുകൊടുക്കും. ചാർട്ട് പേപ്പറിൽ വിവിധ ചിത്രങ്ങൾ ഒട്ടിച്ച് എക്സ്‌പ്ലോഷൻ ബോക്സുകളും തയ്യാറാക്കും. ഒരു കാർഡിന് 500 രൂപ വരെയാണ് വില. ആവശ്യക്കാരേറെയുണ്ട്.

അരിമണിയിലും ഉപ്പിലും നിറംകൊടുത്ത് ഒട്ടിച്ചും സ്വീക്വൻസ് പതിച്ചും ചിത്രങ്ങൾ വരച്ചുമാണ് കുപ്പികൾ ഒരുക്കുന്നത്. പത്തനംതിട്ട ജില്ലയിൽ അഞ്ചിലധികം പ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. ഇതിനിടയിൽ ചാരിറ്റി പ്രവർത്തനങ്ങളുംനടത്തുന്നുണ്ട് . സീനയുടെ കലാവാസന തിരിച്ചറിഞ്ഞ് സിനിമാ താരങ്ങളായ ടൊവീനോ, ഗിന്നസ് പക്രു,വിനയ് ഫോർട്ട്, വിജയ് ബാബു, എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവർ സമൂഹമാദ്ധ്യമങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. അടൂർ ആനന്ദപ്പള്ളി വിളാകത്ത് സുജ സഖറിയ, ബാബു സാമുവൽ ദമ്പതികളുടെ ഇളയമകളാണ് സോന. സഹോദരി സ്നേഹ.

-----------

കാലിക്കുപ്പികളെ അണിയിച്ചൊരുക്കി വരുമാനം നേടുകയാണ് ഇൗ കോളേജ് വിദ്യാർത്ഥിനി