തിരുവല്ല: നഗരസഭയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഇടുങ്ങിയതും ബലക്ഷയമേറിയതുമായ കാഞ്ഞിരുവേലി പാലം പൊളിച്ചു പണിയാൻ നടപടി തുടങ്ങി. കാവുംഭാഗം - മുത്തൂർ റോഡിൽ നിന്ന് തുടങ്ങി മന്നൻകരച്ചിറ - കാട്ടൂക്കര റോഡിലൂടെ തിരുവല്ല കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷനു സമീപത്തായി എം.സി റോഡിൽ എത്തിച്ചേരുന്ന റോഡിലെ പാലം പുനർനിർമ്മിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഈ പാലത്തിന്റെ പുനർനിർമ്മാണം നടക്കാത്തതിനാൽ പ്രദേശത്തിന്റെ വികസനം പോലും തടസപ്പെട്ട നിലയിലായിരുന്നു. പുതിയപാലം നിർമ്മിക്കാൻ 36 ലക്ഷം രൂപയുടെ അനുമതിയായി. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും നഗരസഭയുടെ 16 ലക്ഷവും ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന് ആദ്യം അനുവദിച്ച തുകപ്രകാരം ടെൻഡർ നടപടികൾ നടത്തിയെങ്കിലും ആരും കരാർ എടുക്കാതിരുന്നതിനെ തുടർന്ന് നിർമ്മാണ ജോലികൾ നീണ്ടുപോയി. തുക വർദ്ധിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കാൻ വഴിയൊരുങ്ങിയത്. പാലത്തിന്റെ നിർമ്മാണോദ്ഘാടനം രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർ.ജയകുമാർ, ഷീലാ വർഗ്ഗീസ്, ശ്രീരഞ്ജിനി എസ്.പിള്ള, മുൻ കൗൺസിലർ സോമശേഖരൻ പിള്ള, ശ്രീജിത്ത് ഭാരതി മന്ദിരം എന്നിവർ പ്രസംഗിച്ചു.
ചെലവിടുന്നത് : 36 ലക്ഷം
പുതിയ പാലം
നീളം : 10 മീറ്റർ,
വീതി : 3 മീറ്റർ
പഴയ പാലം അടുത്തദിവസം പൊളിച്ചു നീക്കും. പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കും.
ശ്രീരഞ്ജിനി എസ്.പിള്ള,
നഗരസഭ കൗൺസിലർ