തിരുവല്ല: ശതാബ്ദി ആഘോഷിക്കുന്ന നഗരസഭയ്ക്ക് ഒട്ടനവധി വികസന കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായി നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു. കഴിഞ്ഞ എട്ടുമാസമായി എട്ടുകോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർപ്പാക്കാൻ സാധിച്ചു. ആധുനികരീതിയിലുള്ള പുതിയ ഹോട്ടൽ ഹൗസ് നിർമ്മാണത്തിന് ക്വീൻ ഉൾപ്പെടുത്തി 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. തിരുവല്ല ഗവൺമെൻറ് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയിട്ടുള്ളആണ്. സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ അനുവദിച്ചു. സ്ത്രീ സുരക്ഷയും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനും നഗരസഭയുടെ പ്രധാന സ്ഥലങ്ങളിൽ 22 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. 10 ലക്ഷം രൂപയുടെ സോളാർ പ്ലാൻറ് നഗരസഭയിൽ സ്ഥാപിച്ചു. നഗരസഭയുടെ പ്രധാനപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് സ്മാർട്ട് ഓഫീസ് ബോർഡ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 264 വീടുകൾ നിർമാണം പൂർത്തീകരിച്ചു താക്കോൽ കൈമാറി. 40 വീടുകളുടെ പണികൾ നടന്നുവരുന്നു. ഈവർഷം 235 വീടുകൾ പണിയുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഹോമിയോ ആശുപത്രി നവീകരിച്ചു. കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഭാഗമായി കാൻസർ രോഗികൾക്ക് ധനസഹായം നൽകുന്നതിന് തീരുമാനിച്ചതായും ചെയർമാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർമാൻ ആർ.ജോർജ്ജ്, കൗൺസിലർമാരായ ജയകുമാർ, അലിക്കുഞ്ഞ് ചുമത്ര എന്നിവരും പങ്കെടുത്തു.

ആർ. ജയകുമാർ പുതിയ ചെയർമാൻ
യു.ഡി.എഫിലെ ധാരണപ്രകാരം ഇന്ന് രാവിലെ നഗരസഭാ സെക്രട്ടറി മുമ്പാകെ രാജി സമർപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു. കിഴക്കുംമുറി വാർഡ് അംഗം ആർ.ജയകുമാറിനാണ് പുതിയ ചെയർമാൻ സ്ഥാനം ലഭിക്കുക.