07-malayalapuzha-rajan
മലയാലപ്പുഴ രാജൻ

മലയാലപ്പുഴ: പതിമൂന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഉത്സവത്തിന് മലയാലപ്പുഴ അമ്മയുടെ തിടമ്പേറ്റാൻ മലയാലപ്പുഴ രാജൻ ഒരുങ്ങുകയാണ്. സഹ്യന്റെ പുത്രനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്വന്തക്കാരനുമായ രാജനെ 1970 ൽ നാലാം വയസിലാണ് കോന്നി ആനക്കൂട്ടിൽ നിന്ന് മലയാലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. 50 നോടടുത്ത പ്രായവും ഒൻപതരയടി ഉയരവുമുള്ള രാജന്റെ കാലിലെ 16 നഖങ്ങൾ അശുഭലക്ഷണമാണെന്ന പൊതു കാഴ്ചപ്പാടുകളെ മാറ്റിനിറുത്തി നാട്ടാനകളുടെ ഇടയിലെ പെരുമയിലേക്ക് ഇൗ കൊമ്പൻ എത്തിയിട്ട് നാളുകളേറെയായി. രാജനോടൊപ്പം ഉറങ്ങുന്ന പാപ്പാൻ മണികണ്ഠന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഗുരുവായൂർ കേശവനെന്ന പേരിൽ പ്രചരിച്ച രാജന്റെ വീഡിയോയും വിവാദമായിരുന്നു. അകന്ന കൊമ്പുകളും നിലം തൊടുന്ന തുമ്പികൈയും പുറത്തേക്കൽപ്പം തള്ളി നിൽക്കുന്ന കണ്ണുകളും രാജനെ വ്യത്യസ്തനാക്കുന്നു. 20 വർഷം ശബരിമല ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാൻ ഭാഗ്യം ലഭിച്ച രാജൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുനക്കര , ഏറ്റുമാനൂർ, വൈക്കം, ആറൻമുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിൽ തിടമ്പേറ്റിയിട്ടുണ്ട്. വടക്കുംനാഥന്റെ മുറ്റത്ത് ചമയം കെട്ടിയിറങ്ങിയിട്ടുണ്ടെങ്കിലും വടക്കൻ മണ്ണിലെ പൂരപറമ്പുകളിൽ രാജന്റെ സാന്നിദ്ധ്യം ഇന്നും അന്യം. ആൾക്കൂട്ടത്തെ നോക്കി പേടിപ്പിക്കുന്ന മട്ടിലുള്ള കണ്ണുകളുടെ ചടുലചലനം രാജന്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നു. എരണ്ട കെട്ടിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കവല ആന പന്തിയിലെ ചികിത്സയ്ക്ക് ശേഷം മലയാലപ്പുഴയിൽ തിരിച്ചെത്തിയ രാജൻ ഇനി ഉത്സവ ദിവസങ്ങളിൽ ഭഗവതിയുടെ തിടമ്പേറ്റും.

പുരസ്കാര പ്രഭയിൽ

2007 ൽ തൃപ്പൂണിത്തറ പള്ളിപറമ്പ് ദേവസ്വത്തിന്റെ ഗജരാജ പട്ടം.

2008 ൽ ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെ ഗജരാജരത്‌ന പട്ടം,

2009 ൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രോപദേശക സമിതിയുടെ മാതങ്കമാണിക്യ പുരസ്‌കാരം

2011 ൽ റാന്നി പെരുനാട് ക്ഷേത്രോപദേശകസമിതിയുടെ മണികണ്ഠരത്‌ന പുരസ്‌കാരം