ചെങ്ങന്നൂർ: പഞ്ചപാണ്ഡവക്ഷേത്ര തീർത്ഥാടനം സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. ആറന്മുള, തൃച്ചിറ്റാറ്റ്, പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളാണ് സന്ദർശിച്ചത്. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായും പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രവർത്തകരുമായും അദ്ദേഹം ചർച്ച നടത്തി.
ഓൺലൈൻ ബുക്കിംഗ് വഴി തീർത്ഥാടകർക്ക് വാഹനം, ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. പാണ്ഡവരാൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രങ്ങളിൽ ആറന്മുളയിൽ മാത്രമാണ് ശൗചാലയം അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതെന്ന് പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി കൺവീനർ ഒ.എസ്. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർ ടൂറിസം ഡയറക്ടർക്ക് സമർപ്പിക്കും. പത്തനംതിട്ട ഡി.ടി.പി.സി. സെക്രട്ടറി ആർ. ശ്രീരാജും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.