ചെങ്ങന്നൂർ: കാരുണ്യപ്രവർത്തനത്തിനും നിരാശ്രയർക്ക് താമസസ്ഥലം ഒരുക്കുന്നതിനും പണം സ്വരൂപിക്കാൻ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഏപ്രിൽ 17 മുതൽ നടത്താനിരുന്ന ചെങ്ങന്നൂർ ഫെസ്റ്റിന് മൈതാനം വിട്ടുനൽകാത്ത നഗരസഭാ ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമായി. സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗ്രൗണ്ട് നൽകാനാകില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. കൗൺസിൽ കൂടി അംഗങ്ങുടെ അഭിപ്രായം തേടിയാണ് ഫെസ്റ്റ് നടത്താനുള്ള അപേക്ഷ തള്ളിയത്. ചെങ്ങന്നൂർ വൈ.എം.സി.എ ഫെസ്റ്റിനു വേണ്ടി സ്ഥലം ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകിയെങ്കിലും അതും ഇതേ കാരണത്താൽ നിരാകരിച്ചിരുന്നു. സ്റ്റേഡിയം നിർമ്മാണം ഏറ്റെടുത്ത കിഡ്‌കോയുടെ സമ്മതപത്രത്തോടെയാണ് കാരുണ്യ ഗ്രൗണ്ടിനായി അപേക്ഷ നൽകിയത്.

അതേസമയം നഗരസഭാ ചെയർമാൻ ഷിബുരാജന്റെ നേതൃത്വത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും പാവപ്പെട്ട രോഗികളെയും നിരാശ്രയരെയും സംരക്ഷിക്കുന്ന കരുണയുടെ പ്രവർത്തനങ്ങളെ തകർക്കാൻ ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്ന ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും രംഗത്തെത്തി. എന്നാൽ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഗ്രൗണ്ട് വിട്ടുനൽകേണ്ട എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

മനുഷ്യത്വരഹിതമായ തീരുമാനം

നിരാശ്രയർക്ക് കെട്ടിടം പണിയുന്നതിനു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി സ്റ്റേഡിയം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഒരു കാരണവും പറയാതെ ചെങ്ങന്നൂർ നഗരസഭയിലെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ മനുഷ്യത്വരഹിതമായ തീരുമാനമാണ് എടുത്തിട്ടുള്ളത്.

ബി.സുദീപ്, നഗരസഭ പ്രതിപക്ഷ നേതാവ്


അംഗീകരിക്കാൻ കഴിയില്ല

സ്റ്റേഡിയം പണിയുന്ന കിഡ്‌കോയുടെ സമ്മതപത്രതോടൊപ്പമാണ് കരുണ ഫെസ്റ്റിന് അനുമതി ആവശ്യപ്പെട്ടത്. ചെങ്ങന്നൂരിന്റെ പ്രശസ്തിക്കും വ്യാപാരമേഖലയുടെ വികസനത്തിനും വേദിയാകുന്ന മേളയ്ക്ക് അനുമതി നിഷേധിച്ചത് സാങ്കേതികമായോ നിയമപരമായോ തടസങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ്. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. സ്റ്റേഡിയം വിട്ടുനൽകണം.

രാജൻ കണ്ണാട്ട്,

എൻ.ഡി.എ കൗൺസിലർ


പണിയെ ബാധിക്കും

വൈ.എം.സി.എ ഫെസ്റ്റിന് സെക്രട്ടറി അനുമതി നൽകാതിരുന്നത് സ്റ്റേഡിയം പണിക്ക് തടസമുണ്ടാകാതിരിക്കാനാണ്. രാഷ്ട്രീയ സമ്മർദ്ദത്താൽ കിഡ്‌കോയുടെ സമ്മതപത്രവുമായി കരുണാ ഫെസ്റ്റിന് അപേക്ഷ നൽകിയത് പരിഗണിച്ചാൽ മുൻതീരുമാനത്തെ അത് ബാധിക്കുകയും തുടർന്നുള്ള രാഷ്ട്രീയ പാർട്ടികളുടെയും, മറ്റുസംഘടനകളുടെയും പരിപാടികൾക്കും സ്റ്റേഡിയം അനുവദിക്കേണ്ടിവരും. അത് പണിയെ ബാധിക്കും. ഈ കാരണത്താലാണ് ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളും സ്റ്റേഡിയം വിട്ടുകൊടുക്കണ്ട എന്ന തീരുമാനത്തിന് പിന്തുണ നൽകിയത്.

ബി.ജയകുമാർ,

ബി.ജെ.പി കൗൺസിലർ,

(പാർലമെന്ററി പാർട്ടി ലീഡർ)


അപലപനീയം

നാടിന് ഉണർവും വ്യാപാരമേഖലയ്ക്ക് ഒരു പുതിയ ഉന്മേഷവും നൽകുമായിരുന്ന കരുണാ ഫെസ്റ്റിന് രാഷ്ട്രീയ പകപോക്കലിനായി അനുമതി നിഷേധിച്ചത് അപലപനീയമാണ്.

ബാബുജി ജയ് ഹിന്ദ്

മർച്ചന്റ്‌സ് അസോ. പ്രസിഡന്റ്

അനുകൂല തീരുമാനം ഉണ്ടാകണം
കരുണ ഫെസ്റ്റിലെ ജനപങ്കാളിത്തം നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണകരമാകും. നിരാശ്രയർക്ക് താമസസ്ഥലം ഒരുക്കുക എന്ന ഉദ്ദേശത്തെ മുൻനിറുത്തി ചെയർമാൻ മുൻകൈയെടുത്ത് കൗൺസിലിൽ ഇതിനൊരു അനുകൂല തീരുമാനം എടുക്കണം.

ബാലു ശ്രീകുമാർ, പൊതുപ്രവർത്തകൻ