07-elanthoor-padayani

ഇലന്തൂർ: പടയണിയിലെ കരക്കൂട്ടായ്മകൾക്ക് തുടക്കം കുറിച്ച മേക്ക് കരയുടെ കരപ്പടേനി പതിനാറാം വർഷത്തിലെക്ക് കടക്കുമ്പോൾ കരപ്പുറങ്ങൾ മുഴുവൻ ഒത്തുചേരലിലേക്ക് കടക്കുന്ന മനോഹര ദൃശ്യമാണ് ഇലന്തൂരിൽ തെളിയുന്നത്.
താലപ്പൊലികളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന കോലം എതിരേല്പിനെ തുടർന്ന് ശിവകോലം, പിശാച് , മറുത, സുന്ദരയക്ഷി, പക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളോടൊപ്പം യക്ഷിക്കോലങ്ങളിൽ പ്രാധാന്യമുള്ള അന്തരയക്ഷിയും കളത്തിലെത്തും. ഭഗവതിയുടെ തോഴിമാരായറിയപ്പെടുന്ന യക്ഷികോലങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള അന്തരയക്ഷികൾ അടന്തതാളത്തിൽ പാട്ടുപാടി മനോഹരമായി ചുവടുവച്ച് താളം മുറുകുന്നതോടെ ചടുലമായി തുള്ളി ഒഴിഞ്ഞ് കളം വിടും. മുഖത്ത് പച്ചയിട്ട് കണ്ണും കറിയുമായി കുരുത്തോലപ്പാവാടയും കൈത്താമരയും കാൽച്ചിലമ്പും അണിഞ്ഞു വരുന്ന യക്ഷികോല സമർപ്പണത്തിലുടെ സർവ്വ മംഗളങ്ങൾ ഭവിക്കുമെന്നാണ് കരക്കാരുടെ വിശ്വാസം. ഇലന്തൂർ പടയണിയിൽ ഏറ്റവും കൂടുതൽ പക്ഷിക്കോലങ്ങൾ കളത്തിലെത്തുന്നതും കരപ്പടയണി രാവിലാണ്. പക്ഷി വ്യക്ഷ ദേവതയാണ്, പക്ഷിയുടെ ചലനം നടത്തം, പോര്, പറക്കൽ എന്നിവയും ഗരുഡന്റെ ചുണ്ടും , നെഞ്ചുമാലയും, കുരുത്തോലച്ചിറകും ആയി കളത്തിലെത്തുന്ന പക്ഷിക്കോലങ്ങൾ വഴിപാടായി സമർപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് ബാലപീഡകളിൽ നിന്ന് രക്ഷനേടാനാകുമെന്നാണ് കരക്കാരുടെ വിശ്വാസം.
അഞ്ചാം പടേനി രാവായ നാളെ പരിയാരം കരയിലെ ധന്വന്തരി മൂർത്തിയുടെ നടയിൽ നിന്നാണ് കോലങ്ങളെത്തുന്നത്. കൂട്ടക്കോലങ്ങളോടൊപ്പം പടയണി ക്കളങ്ങളിൽ അത്യപൂർവ്വമായി മാത്രം തുള്ളാറുള്ള കരിനാഗയക്ഷിക്കോലങ്ങൾ കളത്തിലെത്തും.


ഇന്ന്

രാവിലെ 9ന് കുങ്കുമാഭിഷേകം, 10ന് സർപ്പപൂജ, രാത്രി 8.30 ന് കോലം എതിരേല്പ്, 10ന് പടയണി