കോന്നി : തകർന്നു കിടക്കുന്ന കലഞ്ഞൂർ പഞ്ചായത്തിലെ മാങ്കോട് സ്‌കൂൾ - തിടി -നിരത്തുപാറ റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്നതിനായി കെ.യു.ജനിഷ് കുമാർ എം.എൽ.എ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു.കലഞ്ഞൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പാതയാണിത്.കൂടൽ വില്ലേജിലെ അതിരുങ്കൽ ജംഗ്ഷനിൽ നിന്നും കലഞ്ഞൂർ വില്ലേജിലെ മാങ്കോട് സ്‌കൂൾ വരെ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ളവരുടെ ഏക ആശ്രയമായ റോഡിനു 5.8കിലോമീറ്റർ ദൈർഘ്യത്തിൽ 8 മീറ്റർ വീതിയിലുമാണ് നിർമ്മാണം നടക്കുക. അപകടാവസ്ഥയിലായ ഇരട്ട മുള്ളുവേലി പാലം പുതുക്കി പണിയുന്നതിനൊപ്പം കോൺക്രീറ്റ് ഓടകളും ചപ്പാത്തുകളും നിർമ്മിക്കും.ഏകദേശം 5കോടിയിൽ അധികം തുക 5വർഷത്തെ മെയിന്റനൻസ് ഉൾപ്പെടെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.വിശദമായ എസ്റ്റിമേറ്റ് പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എൻജിനിയർ തയാറാക്കി നൽകും.ഇതിനോടൊപ്പം 4 കിലോമീറ്റർ ദൂരമപ്പുറമുള്ള പാടം- പോത്തുപാറ പി.എം.ജി റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസപ്പെട്ടു കിടന്ന വണ്ടണിക്കോട്ട ഭാഗവും എം.എൽ.എ സന്ദർശിച്ചു.കഴിഞ്ഞ പ്രളയ കാലത്തുണ്ടായ കനത്ത മഴയിൽ റോഡിന്റെ ഇരു വശത്തു നിന്നും മണ്ണിടിഞ്ഞു വീണത് കാരണം ഇതു വഴിയുള്ള ഗതാഗതം കഴിഞ്ഞ എട്ട് മാസമായി പുന:സ്ഥാപിച്ചിരുന്നില്ല.മണ്ണിടിച്ചിൽ മൂലം പ്രദേശത്തുള്ളവർ ആറ് കിലോമീറ്റർ അധിക ദൂരം യാത്ര ചെയ്താണ് പഞ്ചായത്ത് ആസ്ഥാനമായ കലഞ്ഞൂരിൽ എത്തിയിരുന്നത്.ഇതിനെ തുടന്ന് പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്നാണ് എം.എൽ. എ ബന്ധപ്പെട്ട പി.എം.ജി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സ്ഥലം സന്ദർശിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു റോഡിലെ മണ്ണ് നീക്കം ചെയ്തു ഇരുവശത്തും സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡ് ഉടനടി ഗതാഗത യോഗ്യമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.