pannivizha
പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ തുരുമുടി എഴുന്നെള്ളത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച

അടൂർ : പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ തിരുമുടി എഴുന്നെള്ളത്തും ഉത്സവവും ഭക്തി സാന്ദ്രമായി. ഇന്നലെ വൈകിട്ട് നടന്ന കെട്ടുകാഴ്ചയും എഴുന്നെള്ളത്തും കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിയത്. ചെറുതും വലുതുമായ ആറ് ഇരട്ടക്കാളകളും ഫ്ളോട്ടുകളുമായാണ് കരകളിൽ നിന്ന് ഭക്തർ ദേവിയുടെ പിറന്നാൾ ദിനത്തിൽ തിരുമുൽകാഴ്ച സമർപ്പിക്കാൻ എത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് മുന്നിലെ വിശാലമായ മൈതാനിയിൽ അണിനിരത്തി. പഞ്ചവാദ്യം, ചെണ്ടമേളം, വയലിൻ ഫ്യൂഷോ, കരകാട്ടം, പൂക്കാവടി തുടങ്ങിയവയുടെ അകമ്പടിയോടെ വർണശബളമായ കെട്ടുകാഴ്ച പോക്കുവെയിലിന്റെ സ്വർണപ്രഭയിൽ അണിനിരത്തിയതോടെ കാണികളുടെ കണ്ണും കരളും കവർന്നു. അഞ്ചരയോടെ ദേവി ഒാരോ കെട്ടുകാഴ്ചകൾക്ക് മുന്നിലുമെത്തി ആനന്ദനൃത്തമാടി. കരക്കാർ കെട്ടുരുപ്പടികൾ കളിപ്പിച്ചും പുഷ്പവൃഷ്ടി നടത്തിയും ദേവിയെ എതിരേറ്റു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും ജീവത എഴുന്നെള്ളിച്ചു. . രാത്രി പത്ത് മണിയോടെ തിരുമുടി എഴുന്നെള്ളത്തിന് മുന്നോടിയായി കളമെഴുത്തും പാട്ടും ആരംഭിച്ചു. വർണ്ണപ്പൊടികൾ കൊണ്ട് ദേവിയുടെ രൂപം വരച്ച് നടത്തിയചടങ്ങ് അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് ഇന്നുളളത്. പന്ത്രണ്ട് മണിയോടെ താലപ്പൊലി, ചമയവിളക്ക്, പഞ്ചവാദ്യം, കോമരം, ആൾപ്പിണ്ടി എന്നിവയുടെ അകമ്പടിയിൽ ജീവിത എതിരേൽപ്പ് എഴുന്നെള്ളത്തിനായി പുറപ്പെട്ടു. വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. തിരിച്ചെഴുന്നെള്ളത്ത് രണ്ട് മണിയോടെ ക്ഷേത്രത്തിൽ തിരികെ പ്രവേശിച്ചു. തുടർന്ന് ഭൈരവീ ഭൈരവനൃത്തവും മുടിപ്പേച്ചും തിരുമുഴി എഴുന്നെള്ളത്തും നടന്നു. ഇന്ന് ഉച്ചയ്ക്ക് 12വരെ തിരുമുടി ദർശിക്കാനും പറയിടാനും ഭക്തർക്ക് അവസരം ഉണ്ട്.