panni
ചെളിക്കുഴിയിൽ വീണ പന്നിക്കുഞ്ഞ്

ഇലന്തൂർ: ചെളിക്കുഴിയിൽ വീണ് കരയ്ക്ക് കയറാനാകാതെ കിടന്ന കാട്ടുപന്നിക്കുട്ടിയെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഫയർഫോഴ്സിന്റെ പരിശീലനം നേടിയ യുവാക്കൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇലന്തൂർ പരിയാരം ആശാരിമുക്കിന് അടുത്തുളള പാടത്തെ മൂന്നടിയോളം താഴ്ചയുളള ചെളിക്കുഴിയിൽ പന്നിക്കുട്ടിയെ കണ്ടത്.

ഫയർ ഫോഴ്സ് നടത്തുന്ന സിവിൽ ഡിഫൻസിൽ അംഗങ്ങളായ പരിയാരം ഒറ്റപ്ലാമ്മൂട്ടിൽ മനു മോഹൻ, നാട്ടുകാരായ കല്ലുംപുറത്ത് സുജിത് ബാബു, അനീഷ് എന്നിവർ ചേർന്നാണ് പന്നിയെ രക്ഷപ്പെടുത്തിയത്. മുറുകാത്ത കെട്ടുളള കയറിൽ കുരുക്കി പന്നിയെ പുറത്തെടുക്കുകയായിരുന്നു. അഴിച്ചുവിട്ടപ്പോൾ ഒാടിപ്പോയി. പത്തനംതിട്ട ഫയർ സ്റ്റേഷനിൽ നടന്ന സിവിൽ ഡിഫൻസ് ട്രെയിനിംഗിൽ പങ്കെടുത്തവരായിരുന്നു രക്ഷാപ്രവർത്തകർ.

ഇലന്തൂർ പരിയാരം ഭാഗത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.