para
അഞ്ചുമലപ്പാറയിൽ നിന്നുള്ള ദൃശ്യം

ഇളമണ്ണൂർ.ജില്ലയിലെ ടൂറിസത്തിന് ഏറ്റവും സാദ്ധ്യതയുള്ള പ്രദേശമാണ് അഞ്ചു മലപ്പാറ.ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലേക്ക് കാൽനടയായി എത്തുന്നത് ദൃശ്യ വിസ്മയങ്ങളാണ് സമ്മാനിക്കുന്നത്.അടൂർ,പത്തനാപുരം പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പാറപ്പുറത്ത് എത്തിയാൽ പത്തനംതിട്ട,കൊല്ലം,ജില്ലയിലെ സമീപ പ്രദേശങ്ങളുടെ,പത്തനാപുരം പട്ടണം,സെന്റസ്റ്റീഫെൻസ് കോളേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച കാണാം.ഒരുകാലത്തു ദൂരെ കടൽ തിരമാലകൾ ഉൾപ്പെടെ എവിടെ നിന്നാൽ കാണാമായിരുന്നെന്ന് പഴമക്കാർ പറയുന്നു.മുൻപ് സംസ്ഥാന ടൂറിസംവകുപ്പിലേയും ജില്ലാ ടൂറിസം പ്രൊമേഷൻ കൗൺസലിലെയും പ്രതിനിധികൾ ഇവിടെയെത്തി സാദ്ധ്യതകൾ പരിശോധിച്ചിരുന്നു.ട്രക്കിംഗ്,​റോപ്പ് കാർ,വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും കണ്ടെത്തി.ഇവിടെയുള്ള പാറയുടെ മുകളിലുള്ള ചെറിയ കുളം എത്ര കടുത്ത വേനലിലും വറ്റാറില്ല.


വിശ്വാസവും ഐതീഹ്യവും...

അഞ്ചു മലപ്പാറ,കൊടക്കണ്ണാമല,മുട്ടിയാക്കോട്ട്,പുലിമല,അക്കമല,എന്നിങ്ങനെ അഞ്ചു മലകളാണ് ഇവിടെയുള്ളത്.അഞ്ചുമലപ്പാറയെ ആയിരം തൂണിമല എന്ന വിളിപ്പേരിലും അറിയുന്നു.പണ്ട് താന്നിക്കൽ തറവാട്ടുകാരുടെ പേരിലായിരുന്നു മല മുഴുവനും.പിന്നീട് വനങ്ങൾ വെട്ടി വിത്തുവിതച്ച് കരനെൽക്കൃഷി നടത്തിയ സ്ഥലമായി. ഇവിടെവിതച്ച വിത്തുപാകമായപ്പോൾ എല്ലാം ഉപയോഗ്യ ശൂന്യമായ മങ്കായ് പോയതായും,​കർഷകർ അതെല്ലാം അഞ്ചു മലയിലെ പാറയുടെ മുകളിൽ ഉപേക്ഷിച്ചുപോയി.മൂന്നു നാൾക്കു ശേഷം കന്നുകാലികൾക്ക് തീറ്റ തേടിയെത്തിയവർ കണ്ടത് മങ്ക് ആയി ഉപക്ഷിച്ചത് എല്ലാംനെല്ലായി കിടക്കുന്നതാണ്.മാത്രമല്ല ആയിരം തുണിപാറഅളന്നിട്ടും നെല്ല് അധികം വന്നതായും പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോകുകയായിരുന്നെന്നും അങ്ങനെയാണ് ആയിരം തൂണിമല എന്ന് അറിയപ്പെട്ടതെന്നും പഴമക്കാർ പറയുന്നു.


ഇവിടേയും കൈയേറ്റം


അഞ്ചുമലപ്പാറ പാറയുടെ വിസ്ത്രിതി 14 ഏക്കറാണ്.വസ്തു മൊത്തത്തിൽ 24 ഏക്കർ ഉണ്ടെന്നാണ് റവന്യു രേഖകളിലെ കണക്ക്.എന്നാൽ പാറയുടെ സമീപ സ്ഥലങ്ങളിലെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്.പാറയോട് ചേർന്നു നിന്ന മരങ്ങളെല്ലാം മുറിച്ച് മാറ്റിയിട്ടുണ്ട്.സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.മുൻപ് അമൂല്യമായ ധാരാളം ഓഷധ സസ്യങ്ങളും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു.മുൻപ് പലതവണ ഈ പാറയും അനുബന്ധ പാറകളും പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ സംഘടിച്ചു.ആക്ഷൻ കൗൺസിൽ രൂപീകരിച്ചു തടയുകയായിരുന്നു.

ടൂറിസം സാദ്ധ്യതകൾക്കൊപ്പം കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാനും വിശ്വാസത്തിന്റെ ഭാഗമായ അഞ്ചുമലപ്പാറ സംരക്ഷിക്കാനും തയാറാവണം

എൻ.ഗോപിനാഥൻ (പ്രദേശവാസി )

-അഞ്ചുമലപ്പാറ പാറയുടെ വിസ്ത്രിതി 14 ഏക്കർ

-മൊത്തം 24 ഏക്ക‌ർ