പള്ളിക്കൽ: കൃഷിയുടെ ലോകമാണ് ഇൗ സഹോദരങ്ങളുടേത്. മണ്ണിൽ പണിയെടുത്ത് പൊന്നുവിളിയിക്കുന്നവർ. തെങ്ങമം 20ാം വാർഡിൽ രാജേഷ് ഭവനം രാജമ്മയും ജയേഷ് ഭവനം സരസമ്മയുമാണ് ഇൗ സഹോദരങ്ങൾ. മുമ്പ് പാറമലയിൽ കല്ലടിക്കുന്ന ജോലിയായിരുന്നു. അവിടെ പണിയില്ലാതെവന്നതോടെ കുടുംബം പുലർത്താൻ തിരഞ്ഞെടുത്ത വഴി കൃഷിയുടേതാണ്. . പതിനഞ്ച് വർഷമായി നെല്ല് ,വാഴ,കപ്പ, ചേന,ചേമ്പ് ,പയർ ,പാവൽ,പടവലം തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായുള്ളത് 30 സെന്റ് മാത്രമാണ് . പാട്ടത്തിനെടുത്ത ഏഴ് ഏക്കറിലാണ് നെൽകൃഷി. ഇത്തവണ 35000 കിലോ നെല്ലാണ് വിളവെടുത്തത് പഞ്ചായത്തിലെ മികച്ച നെൽകർഷകരാണ് ഇവരെന്ന് പള്ളിക്കൽ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ജെറിൻ പറഞ്ഞു. 2017—18 ൽ മികച്ച നെൽകർഷകരായി പള്ളിക്കൽ പഞ്ചായത്ത് ഇവരെ തിരഞ്ഞെടുത്തിരുന്നു.
കിളയും ,വരമ്പുവെട്ടും, വിത്തുവിതയ്ക്കലും വളംഇടീലും കൊയ്തും മെതിയും ഇരുവരും ചേർന്നാണ് നടത്തുന്നത്. സ്വകാര്യവ്യക്തികൾക്കാണ് നെല്ല് വിൽക്കുന്നത്. യന്ത്ര സഹായം കൂടിയുണ്ടങ്കിൽ കൂടുതൽ കൃഷി കൂടുതൽ നന്നാകുമെന്ന് ഇവർ പറയുന്നു. തരിശുകിടക്കുന്ന നിലങ്ങൾ ഏറ്റെടുത്തുതന്നാൽ കൃഷിയിറക്കാനും ഇവർ തയ്യാറാണ്.
----------------------
ഒരു ഗ്രാമത്തിന്റെ അഭിമാനമാവുകയാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന സഹോദരിമാർ