കൂടൽ: വരകളും വർണങ്ങളുമാണ് ഗ്രേസിഫിലിപ്പിന്റെ കൂട്ടുകാർ. കാഴ്ചകൾക്ക് വേറിട്ട ഭാവനയിലൂടെ ഇൗ അറുപത്തിയേഴുകാരി പുതിയ മാനം നൽകും. കുടൽ കണ്ണൻകുളത്തിൽ ഗ്രേസി ഫിലിപ്പ്
കേരളത്തിൽ മാത്രമല്ല വിദേശത്തും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്,
ഭർത്താവ് എം.ജെ. ഫിലിപ്പോസിനൊപ്പം 1982 ൽ വെസ്റ്റ് ആഫ്രിക്കയിലെത്തിയപ്പോഴാണ് ഗ്രേസിയിലെ ചിത്രകാരി കൂടുതൽ സജീവമായത്. വനത്താൽ ചുറ്റപ്പെട്ട ക്യാമറോണിലെ സനാഗ നദീതീരത്തായിരുന്നു താമസം. പ്രകൃതിയുടെ മനോഹര കാഴ്ചകൾ കാൻവാസിലാക്കാൻ ലഭിച്ച അവസരം.
1987 ൽ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ആദ്യ ചിത്രകാലാ പ്രദർശനം നടത്തി. മാധവിക്കുട്ടി, എം.വി.ദേവൻ, ജി.അരവിന്ദൻ , കോറിയോഗ്രാഫർ ഭട്ടതിരി തുടങ്ങിയവരായിരുന്നു സംഘാടകർ . അതിന് ശേഷം തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ ചേർന്നു. കാനായി കുഞ്ഞുരാമൻ, ഹരിദാസ്, കാട്ടൂർ നാരായണപിള്ള എന്നിവരായിരുന്നു അദ്ധ്യാപകർ, തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മഹാകവി പി. കുഞ്ഞുരാമൻ നായരുടെ കവിതകളെ ആസ്പദമാക്കിയും, സെനറ്റ് ഹാളിൽ കാർഷിക വൃത്തിയെ ആസ്പദമാക്കിയും എക്‌സ്ബിഷനുകൾ സംഘടിപ്പിച്ചു. ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിൽ ചുവർചിത്ര രചനയിൽ പഠനം നടത്തി. കൂടൽ ശ്രീദേവി ക്ഷേത്രത്തിൽ സൗജന്യമായി ചുവർചിത്രങ്ങൾ വരച്ച് സമർപ്പിച്ചതിലൂടെ ഗ്രേസി ഫിലിപ്പ് നാട്ടിലും ശ്രദ്ധേയയായി. യു.എസ്, ഇംഗ്ലണ്ട്, സ്‌കോട് ലെന്റ്, ഈജി്പ്ത്, ആസ്ട്രിയ, ഫ്രാൻസ്, സിംഗപ്പൂർ, വെസ്റ്റ് ആഫ്രിക്ക, കെനിയ, എത്യോപ്പിയ, നൈജീരിയ, സിറിയ, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിലെ ആർട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. മുൻ വ്യോമസേന ഉദ്യോഗസ്ഥനായ ഭർത്താവ് എം.ജെ. ഫീലിപ്പോസിനൊപ്പം കൂടലിൽ എം.വി.ദേവൻ ഡിസൈൻ ചെയ്ത വീട്ടിലാണ് താമസം. മക്കളായ ഫ്രൂൺസെ, ഡന്നീസ് എന്നിവർ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നു
-----------------
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉൾപ്പെടെ ഗ്രേസിഫിലിപ്പ് നടത്തിയത് നിരവധി ചിത്ര പ്രദർശനങ്ങൾ
.