അടൂർ : അടൂർ വഴിയാണ് യാത്രയെങ്കിൽ പത്മാ കഫേയിലൊന്ന് കയറണേ. രുചികരമായ ഭക്ഷണം കിട്ടും. വിലതുച്ഛവും ഗുണം മെച്ചവുമെന്ന് സാക്ഷ്യപ്പെടുത്തുന്നവരിൽ മുൻ കേരളാ ഗവർണ‌ർ പി.സദാശിവവും ശബരിമല തന്ത്രി കണ്ഠരര് രാജീവരും മുതൽ ശിവഗിരി മഠത്തിലെ സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രകാശവും വരെയുണ്ട്. പത്മാകഫേയുടെ അരങ്ങിലും അണിയറയിലും സ്ത്രീകളാണ്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി എൻ. എസ്. എസ് ആവിഷ്കരിച്ച സംരംഭമാണിത്. മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്വയം സഹായസംഘങ്ങളിൽപ്പെട്ട വനിതകളാണിവർ.15 വനിതകളായിരുന്നു തുടക്കത്തിൽ. തിരക്കേറിയതോടെ 21 പേരായി. ഇവർക്ക് പി. എഫ്, ഇ. എസ്. ഐ ആനുകൂല്യങ്ങളുമുണ്ടെന്ന് എൻ. എസ്. എസ് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു പറഞ്ഞു. ഇന്ത്യൻ കോഫീ ഹൗസ് മാതൃകയിൽ എൻ. എസ്. എസ് ആരംഭിക്കുന്ന പത്മാ കഫേ എന്ന ഹോട്ടൽ ശൃംഖലയിലെ ആദ്യത്തേതാണിത്.

മൂന്നുവർഷം കൊണ്ട് ഹോട്ടൽ സൂപ്പർഹിറ്റായി. എൻ. എസ്.എസ് യൂണിയിനിലെ മൈക്രോ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകൾ, വെളിച്ചെണ്ണ, തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.

----------

അരങ്ങിലും അണിയറയിലും വനിതകളുമായി അടൂരിലെ പത്മാ കഫേ