തിരുവല്ല: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറപറ്റി ബൈപ്പാസ് റോഡിൽ രണ്ടിടത്തായി വീണ്ടും മാലിന്യം തള്ളി. മഴുവങ്ങാട് ചിറയിൽ നിന്നും പുഷ്പഗിരി റോഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡിൽ കഴിഞ്ഞ ദിവസം ഇറച്ചി മാലിന്യം തള്ളിയ ഭാഗത്തും നൂറുമീറ്റർ മാറി മറ്റൊരിടത്തുമാണ് കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം വാഹന യാത്രികരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇറച്ചി മാലിന്യം തള്ളിയതിനെ തുടർന്ന് ബൈപ്പാസിന്റെ പണികൾ താൽക്കാലികമായി ജോലിനിറുത്തിയിരുന്നു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തശേഷമാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചത്. ബൈപ്പാസ് റോഡിൽ മാലിന്യം തള്ളുന്നതായ പരാതികൾ നിരവധി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുന്നില്ല. ശതാബ്ദിആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചെലവാക്കുന്ന നഗരസഭ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ഇത്തരക്കാരെ പിടികൂടുന്നതിനായി നടപടി സ്വീകരികരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. മാലിന്യം തള്ളൽ പതിവാക്കുന്ന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നഗരസഭ തയാറാകണെന്നുംപൊലീസിന്റെ രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.