തിരുവല്ല: നഗരസഭയുടെ ഒരാഴ്ചക്കാലം നീണ്ടുനില്ല ശതാബ്ദി ആഘോഷങ്ങളുടെ വരവ്,ചെലവ് കണക്കുകൾ അവതരിപ്പിക്കണമെന്ന് ആഘോഷക്കമ്മിറ്റിയുടെ ജനറൽ കൺവീനറും പ്രതിപക്ഷ നേതാവുമായ എം.പി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.നഗരത്തിലെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളിൽ നിന്നും ശതാബ്ദി ആഘോഷത്തിന്റെ പേരിൽ വൻതുക നഗരസഭാധികൃതർ പിരിച്ചെടുത്തെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.ഇത് കൂടാതെ സർക്കാരിൽ നിന്നും ആഘോഷങ്ങൾക്കായി നല്ലൊരു തുക അനുവദിച്ചിട്ടുണ്ട്.എന്നാൽ ശതാബ്ദി ആഘോഷം കഴിഞ്ഞു ഒരാഴ്ച പിന്നിടുമ്പോഴും പരിപാടിയുടെ വരവ് ചെലവുകൾ അവതരിപ്പിക്കാൻ തയാറായിട്ടില്ല. ഇതിനിടെ കണക്കുകൾ സംബന്ധിച്ച് വ്യക്തത നൽകാതെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ രാജിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.ശതാബ്ദി ആഘോഷത്തിന്റെ വരവ്,ചെലവ് കണക്കുകളെ കുറിച്ച് കൂടുതൽ പരാതികളും ആക്ഷേപങ്ങളും ഉയരുന്നുണ്ട്.ഈ സാഹചര്യത്തിൽ സുതാര്യമായി വരവും ചെലവും റിപ്പോർട്ടും അവതരിപ്പിക്കാൻ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.