കോന്നി : തൊണ്ടനനയ്ക്കാൻ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് കോന്നി താഴം നിവാസികൾ.പഞ്ചായത്തിലെ 18 വാർഡുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പലയിടത്തും ജനങ്ങൾ പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. വാട്ടർ അതോറി​റ്റിയുടെ നിലവിലെ പദ്ധതികൾ രൂക്ഷമായ വേനലിനെ നേരിടാൻ പര്യാപ്തമല്ല. എന്നാൽ ഈ സാഹചര്യം മനസിലാക്കി പ്രവർത്തിക്കേണ്ട പഞ്ചായത്ത് അനങ്ങാപ്പാറനയം സ്വീകരിക്കകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കോന്നി പഞ്ചായത്തിലെ ഒന്നു മുതൽ 10വരെ വാർഡുകൾ ഉൾപ്പെടുന്ന കോന്നിതാഴം മേഖലയിൽ ശുദ്ധജല വിതരണ പദ്ധതി മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. മലയാലപ്പുഴ, തണ്ണിത്തോട് പഞ്ചായത്തുകളിലെ വാർഡുകൾവരെ ഉൾപ്പെടുന്നുണ്ട്.വലിയ ഭൂപ്രദേശമായതിനാൽ ജനങ്ങൾക്ക് പര്യാപ്തമായ രീതിയിൽ വെള്ളമെത്തിക്കാൻ പദ്ധതിയ്ക്ക് സാധിക്കുന്നില്ല.അതിനൊപ്പം വാട്ടർ അതോറി​റ്റി ജീവനക്കാരുടെ അലംഭാവം കൂടിയാകുമ്പോൾ ജനങ്ങൾ വലയുകയാണ്.വരൾച്ച രൂക്ഷമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയത് ഉയർന്ന പ്രദേശങ്ങളിലെ ജലവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ഇതോടെ കോന്നി താഴം മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ മണിയൻപാറ, തേക്കുമല, താവളപ്പാറ,അടുകാട്,കൈതക്കുന്ന്,മിച്ചഭൂമി, ചെങ്ങറ, അട്ടച്ചാക്കൽ ഈസ്​റ്റ്,മച്ചിക്കാട്ട്,ആവോലിക്കുഴി എന്നിവിടങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ഇത്തരം സ്ഥലങ്ങളിൽ ടാങ്കറുകളിൽകുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.പല സ്ഥലങ്ങളിലും ലക്ഷങ്ങൾ മുടക്കി കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഇവയിൽ വെള്ളം നിറയ്ക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുമില്ല.

വേനലിന്റെ തീവ്രത കണക്കിലെടുത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.കുടിവെള്ളം ലഭിക്കാത്ത ഒരു പ്രദേശങ്ങളുമില്ല.ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലെ വെള്ളം വഴിതിരിച്ചുവടുന്നതായിരുന്നു പ്രധാന പ്രശ്നം.ഇതിനും പരിഹാരമായിട്ടുണ്ട്. ഗുണമേൻമ ഉറപ്പാക്കിയ ശുദ്ധജലമാണ് എല്ലായിടത്തും എത്തിക്കുന്നത്.

പ്രവീൺ പ്ളാവിളയിൽ (കോന്നി
പഞ്ചായത്ത് വൈസ് പ്രസിഡന്റ്)

വരൾച്ചയുടെ കാഠിന്യം മനസിലാക്കി സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് ആവശ്യാനുസരണം ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.എന്നാൽ കോന്നി പഞ്ചായത്ത് ഭരണ സമതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിമിക്കുകയാണ്. എത്രയും വേഗം കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് തയാറാകണം.

ജിജോ മോഡി (സി.പി.എം കോന്നി താഴം
ലോക്കൽ സെക്രട്ടറി)

18 വാർഡുകളിൽ കുടിവെള്ളം ക്ഷാമം