മല്ലപ്പള്ളി: താലൂക്ക് വികസന സമിതി യോഗം താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ മാത്യു.ടി. തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ വർഗീസ് മാത്യു സ്വാഗതം ആശംസിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് റെയ്ച്ചൽ ബോബൻ ,കോട്ടാങ്ങൽപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.എം.സലീം എന്നിവർ പങ്കെടുത്തു. മല്ലപ്പള്ളി പാലത്തിനോട് ചേർന്നുള്ള നടപ്പാത അപകടാവസ്ഥയിലാണെന്നും, ഇത് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പ്രതിനിധി സി.പി ജയൻ ആവശ്യപ്പെടുകയും ഈ പ്രശ്നം സമയബന്ധിതമായി പരിഹരിക്കാൻ നിർദ്ദേശം നൽകുവാനും തീരുമാനിച്ചു.മല്ലപ്പള്ളി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഇടവഴികളിൽ വൈകുന്നേരം സമയങ്ങളിൽ കുട്ടികൾ കൂട്ടമായി ലഹരി ഉപയോഗിക്കുന്നതായി സംശയാസ്പദമായി ശ്രദ്ധയിൽപ്പെട്ടതിനാൽ, സ്ഥലത്ത് എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെ പരിശോധനകൾ ഉണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ബസ് സ്റ്റാൻഡ്‌നോട് ചേർന്നുള്ള വലിയതോട്ടിൽ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളും, പരിസരവാസികളും രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുവാൻ പൊലീസ് അധികാരികൾക്ക് എം.എൽ.എ നിർദ്ദേശം നൽകി.മല്ലപ്പള്ളി ജംഗ്ഷനിലെ ട്രാഫിക് സിഗ്നലുകളിൽ ആനിക്കാട് ഭാഗത്തേക്കുള്ള സിഗ്നൽ ലൈറ്റുകൾ അടിയന്തരമായി പരിഹരിക്കാൻ മല്ലപ്പള്ളി പഞ്ചായത്തിന് എം.എൽ.എ നിർദ്ദേശം നൽകി. ശാസ്താംകോയിക്കൽ തേലപ്പുഴ കടവിലെ തൂക്കുപാലത്തിന്റെ സമീപപ്രദേശങ്ങളിൽ തുടർച്ചയായിട്ടുള്ള മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പൊലീസ് എക്‌സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.