കൊച്ചി എയർപോർട്ടിൽ പരിശോധനയിൽ നിന്ന് ഒഴിഞ്ഞു
രണ്ട് ബന്ധുക്കൾക്കും രോഗം ; മറ്റ് പതിനഞ്ചോളം ബന്ധുക്കൾ നിരീക്ഷണത്തിൽ.
പത്തനംതിട്ട: ബന്ധുക്കളായ അഞ്ചു പേർക്ക് പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് കേരളത്തെ വീണ്ടും ആശങ്കയിലാഴ്‌ത്തി. കൊറോണ രോഗം രൂക്ഷമായ ഇറ്റലിയിൽ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങൾ പരിശോധിക്കും.
റാന്നി എെത്തലയിലെ 56കാരനായ ഗൃഹനാഥനും 53കാരിയായ ഭാര്യയും 26കാരനായ മകനുമാണ് ഇറ്റലിയിൽ നിന്നെത്തിയത്. ഗൃഹനാഥന്റെ 65കാരനായ സഹോദരനും 60 കാരിയായ ഭാര്യയുമാണ് മറ്റ് രണ്ട് പേർ.
റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയിൽ നിന്നെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയരാകാതെ ടാക്സിയിൽ റാന്നിയിലേക്ക് പോവുകയായിരുന്നു. അന്ന് മുതൽ വെള്ളിയാഴ്ച വരെ ഇവർ ആളുകളുമായി ഇടപഴകുകയും പൊതുസ്ഥലങ്ങളിൽ പോവുകയും ചെയ്‌തു. എെത്തല ജംഗ്ഷൻ, റാന്നി ടൗൺ, പത്തനംതിട്ട ടൗൺ, പത്തനാപുരം, പളളികൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലെല്ലാം ഇവർ ഇടപഴകി.
വെളളിയാഴ്ച പനിയുണ്ടായതിനെ തുടർന്ന് ഗൃഹനാഥനും ഭാര്യയും ഒാട്ടോറിക്ഷയിൽ റാന്നിയിലെ മാർത്തോമ മെഡിക്കൽ സെന്ററിലെത്തി ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് ഡോക്ടറോട് പറഞ്ഞില്ല. അടുത്ത ദിവസം ഗൃഹനാഥന്റെ സഹോദരനും ഭാര്യയും പനിയെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തി. പരിശോധനയ്‌ക്കിടെ ബന്ധുക്കൾ ആരെങ്കിലും വിദേശത്ത് നിന്ന് എത്തിയിട്ടുണ്ടോയെന്ന് ഡോക്ടർ തിരക്കി. സഹോദരനും കുടുംബവും ഇറ്റലിയിൽ നിന്ന് എത്തിയിട്ടുണ്ടെന്നും പനിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ദമ്പതികൾ അറിയിച്ചു. ഉടൻ ഡോക്ടർ ഇരുവരെയും മാസ്‌ക് ധരിപ്പിച്ച് ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു.ഇറ്റലിയിൽ നിന്ന് എത്തിയവരുടെ വിവരം ജനറൽ ആശുപത്രി അധികൃതർ ജില്ലാകളക്ടറെ അറിയിച്ചു. കളക്ടർ പി.ബി.നൂഹും ആരോഗ്യവകുപ്പ് അധികൃതരും നിർബന്ധിച്ചാണ് മൂന്നു പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന 90 വയസിലേറെ പ്രായമുള്ള അച്ഛനെയും അമ്മയെയും മുൻകരുതലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ആരുടെയും നില ഗുരുതരമല്ലെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ.കെ.ശൈലജയും സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യുവും പറഞ്ഞു.
രോഗവാഹകരായി
കഴിഞ്ഞത് ഒരാഴ്ച
കഴിഞ്ഞമാസം 29ന് ഇറ്രലിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ അച്ഛനും അമ്മയും മകനുമാണ് വൈറസിന്റെ ഉറവിടം.
ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പരിശോധനയ്‌ക്ക് വിധേയരാകണമെന്ന നിർദ്ദേശം ഇവർ പാലിച്ചില്ല.
ഒരാഴ്ച എെത്തലയിലും റാന്നിയിലും താമസിച്ചു .സാധനങ്ങൾ വാങ്ങാൻ കടകളിൽ പോയി.
ഇറ്റലിയിലേക്ക് തിരിച്ചു പോകാനുളള പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റിനായി ഒരാൾ പത്തനംതിട്ട പൊലീസ് ചീഫിന്റെ ഒാഫീസിലുമെത്തി.
സിനിമാ തിയേറ്ററുകളിലും പളളികളിലും ഉത്സവ പറമ്പുകളിലും ഇവരെത്തിയെന്ന് പറയപ്പെടുന്നു.
ഇറ്റലിയിൽ നിന്നുള്ള
യാത്ര ഇങ്ങനെ
വൈറസ് വാഹകരായി ഇവർ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തു. ( രണ്ട് വിമാനങ്ങളിലെയും മറ്റ് യാത്രക്കാരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട് )
ഫെബ്രുവരി 28ന് ഇറ്റലിയിലെ വെനീസിൽ നിന്ന് QR126വിമാനത്തിൽ ദോഹയിലേക്ക്.
രാത്രി 11.20ന് ദോഹയിലെത്തി.
ദോഹയിൽ മണിക്കൂറുകൾ കാത്തിരുന്നു.
29ന് പുലർച്ചെ 4 മണിയോടെ ദോഹയിൽ നിന്ന് QR 514 വിമാനത്തിൽ കൊച്ചിയിലേക്ക്
രാവിലെ 8.20ന് കൊച്ചിയിലെത്തി.
അവിടെ നിന്ന് കാറിൽ എെത്തലയിലെ വീട്ടിലേക്ക്
കൊറോണ ഇതുവരെ
രോഗം സ്ഥിരീകരിച്ച രാജ്യങ്ങൾ - 103
മരണസംഖ്യ - 3600
രോഗം സ്ഥിരീകരിച്ചവർ - 1,06,212
ചൈനയിൽ - 80,696
ചൈനയിൽ മരണം - 3097
ഇന്ത്യയിൽ രോഗികൾ - 40
കേരളത്തിൽ - 05