പന്തളം: പന്തളം,കുളനട ,തുമ്പമൺ,പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വ്യാപകമായിരുന്ന എള്ളുകൃഷിക്ക് വീണ്ടുമൊരു നല്ലകാലം എത്തുന്നു. വയലുകളിലും കരപ്പുഞ്ചകളിലും തകിടികളിലും കരപ്പുരയിടങ്ങളിലുമായിരുന്നു എള്ളുകൃഷി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി എള്ള് കൃഷിയിടങ്ങളിൽ നിന്ന് അകന്നു. കാലാവസ്ഥാ വ്യതിയാനവും കൂലിചെലവും വർദ്ധിച്ചതോടെ നഷ്ടം കാരണം കർഷകർ പിൻതിരിയുകയായിരുന്നു.
ജില്ലയിൽ ഇപ്പോൾ കുളനട പഞ്ചായത്തിലെ പനങ്ങാട് ഏലംതാറ്റ് കരപ്പുഞ്ചയിലെ ഒരേക്കറോളം തകിടി പ്രദേശത്താണ് പനങ്ങാട് രവീന്ദ്രവിലാസത്തിൽ ഭരതരാജൻ പിള്ളയും,കൈപ്പുഴ നന്ദാവനത്തിൽ മനോജും കുരമ്പാല തെക്ക് ഇടത്തറ കൊടുമങ്ങൽ ഏലയിൽ ഇടത്തറ ഗീതത്തിൽ എം. ചന്ദ്രൻപിള്ളയും എള്ളുകൃഷി പുനരാരംഭിച്ചത്. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് കർഷകർ എള്ളു വിത്ത് വിലയ്ക്ക് വാങ്ങിയത്. ഒരേക്കറിൽ നാല് കിലോ വരെ വിതയ്ക്കും. നല്ല വിളവ് ലഭിച്ചാൽ എഴുപത് മുതൽ നൂറു കിലോ വരെ എള്ള് ലഭിക്കും. പത്ത് കിലോ ആട്ടിയാൽ മൂന്നേകാൽ കിലോ എണ്ണ ലഭിക്കും. ആട്ടുകൂലി ഒരു കിലോയ്ക്ക് മുപ്പതു മുതൽ മുപ്പത്തഞ്ച് രൂപയാണ്. പത്ത് കിലോ എള്ള് ചക്കിൽ ഇട്ട് ആട്ടുമ്പോൾ അതിന് ഒപ്പം ഒരു കിലോ കരിപ്പൊട്ടികൂടി ചേർക്കണം. പിണ്ണാക്ക് കൃഷിക്ക് വളമായി ഉപയോഗിക്കാം.
ഒൗഷധ ഗുണമുള്ള എള്ളെണ്ണ
വലിയ ഔഷധ ഗുണമുള്ളതാണ് എള്ളെണ്ണ. സൗന്ദര്യ വർദ്ധനവിന് മികച്ചതാണ്. ആയൂർവേദ എണ്ണകൾ കാച്ചുന്നതിനും എള്ളെണ്ണ വേണം. ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന എളളും എണ്ണയും തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും മറ്റും വരുന്നതാണ്. ഇതിന് ഗുണനിലവാരവും ശുദ്ധിയും കുറവാണ്.
കൃഷിക്ക് അനുയോജ്യം മഞ്ഞു കാലം
നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ വിതച്ച് മാർച്ച് ആദ്യ വാരങ്ങളിൽ വിളവെടുക്കുകയായിരുന്നു പതിവ്.
വിളവെടുപ്പിന് : 80 - 90 ദിവസം
വില
ഒരു കിലോ എള്ളിന് : 250രൂ .
ഒരു കിലോ എള്ളെണ്ണയ്ക്ക് : 700 രൂ