പത്തനംതിട്ട : കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ മാസ്കുകൾക്ക് വില കൂടുകയാണ്. അഞ്ച് രൂപയുടെ മാസ്ക് 20 രൂപയ്ക്കാണ് ഇന്നലെ പത്തനംതിട്ടയിൽ വിറ്റു പോയത്. ആളുകൾ കൂട്ടമായി മാസ്കുകൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ ഇത്തരത്തിൽ വലിയൊരു പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. നിലവിൽ മൂന്ന് ലെയർ മാസ്കുകൾ (എൻ 95 ) രോഗികളുമായി അടുത്ത് ബന്ധം പുലർത്തുന്നവർ മാത്രം ധരിച്ചാൽ മതി. അതായത് ഐസോലേഷൻ വാർഡിൽ പ്രവർത്തിയ്ക്കുന്ന നഴ്സ്, ഡോക്ടർമാർ തുടങ്ങിയവർ. എന്നാൽ ഭയമുള്ളവർ ധരിക്കണമെങ്കിൽ ആകാം. പേടിക്കത്തക്ക വലിയ പ്രശ്നമൊന്നും നിലവിൽ ജില്ലയിൽ ഇല്ല. നിലവിൽ ആരോഗ്യ വകുപ്പിന് മാസ്കിന്റെ ഷോർട്ടേജ് ഇല്ല. എന്നാൽ ആഗോള തലത്തിൽ മാസ്കുകൾക്ക് വലിയ ഷോർട്ടേജ് അനുഭവപ്പെടുന്നുണ്ട്.