corona-

പത്തനംതിട്ട: അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. സർക്കാരിന്റേതടക്കം എല്ലാ പൊതുപരിപാടികളും ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. വിവിധ വകുപ്പുകളുടെ എല്ലാ പൊതുപരിപാടികളും യോഗങ്ങളും മാറ്റിവച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഹിയറിംഗ് ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കും.

കല്യാണം, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാൾ, മതപരിപാടികൾ, രാഷ്ട്രീയ യോഗങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. മതപരമായ ചടങ്ങുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് മതമേലധികാരികളുടെ യോഗം ഉടൻ വിളിക്കും.

എട്ട് സംഘങ്ങൾ

കൊറോണ സ്ഥിരീകരിക്കപ്പെട്ടവർ ഫെബ്രുവരി 29ന് എത്തിയതു മുതൽ മാർച്ച് ആറിന് ആശുപത്രിയിൽ അഡ്മിറ്റ് ആയതു വരെ ഇടപഴകിയവരെ കണ്ടെത്താൻ എട്ട് സംഘങ്ങളെ നിയോഗിച്ചു. ഒരു ടീമിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഏഴു പേർ ഉണ്ടാകും. കൊറോണ സ്ഥിരീകരിക്കപ്പെട്ടവർ പോയ എല്ലാ സ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

ആരോഗ്യപ്രശ്‌നങ്ങളുള്ള എല്ലാവരേയും ആശുപത്രികളിലെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. ഇല്ലാത്തവരെ വീട്ടിൽ നിരീക്ഷിക്കും. ഐസൊലേഷൻ വാർഡുകൾ ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കി.

അഞ്ച് കൺട്രോൾ റൂമുകൾ

ജില്ലയിൽ അഞ്ച് കൊറോണ കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പരുകൾ (ജില്ലാ മെഡിക്കൽ ഓഫീസ് : 0468 2228220, ദുരന്തനിവാരണ വിഭാഗം : 04682322515, ടോൾഫ്രീ നമ്പർ : 1077, 9188293118, 9188803119). ഈ നമ്പരുകളിൽ ബന്ധപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന നിർദ്ദേശം ലഭിക്കും.