09-elanthoor-anthera

ഇലന്തൂർ: അഞ്ചാം പടേനിരാവിനെ സുന്ദരമാക്കി കരിനാഗയക്ഷികൾ തുള്ളി മറഞ്ഞു. ഇലന്തൂർക്കാവിലമ്മയുടെ ഏറ്റവും വലിയ കര ആയ പരിയാരം കരയിലെ ധന്വന്തരി മൂർത്തിയുടെ നടയിൽ നിന്നും ചൂട്ടുകറ്റയുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ കൂട്ടക്കോലങ്ങളെ കരക്കാർ ആർപ്പുവിളിച്ച് കളത്തിലേക്ക് എതിരേറ്റു.
കളരി വന്ദനത്തോടെ തുടക്കമായ പടേനിയിൽ പാളക്കോലങ്ങളിൽ കരിനാഗയക്ഷി വേറിട്ടുനിന്നു. ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം കളത്തിലെത്തുന്നത് അരക്കിയക്ഷിയും മായ യക്ഷിയുമാണ്.
ശിക്ഷയുടെ ദേവതയാണ് അരക്കിയക്ഷി. അവതരണ രീതിയിലും രൂപഭാവത്തിലും മറ്റു യക്ഷിക്കോലങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തയാണ്. അരക്കിയക്ഷി മറയ്ക്കുള്ളിലാണ് തുള്ളൽ ആരംഭിയ്ക്കുന്നത്, തുള്ളൽ ചടുലമാവുന്നതോടെ മറയ്ക്കു പുറത്തേക്ക് വരുന്ന കോലഭാഗം ഭീകരമാവാറുണ്ട്.
ലാസ്യ മോഹനചുവടുകളുമായി കിരീട സമാനമായ കോലവും മുഖത്ത് പച്ചയിട്ട്, കുരുത്തോലപ്പാവാടയും കാൽച്ചിലമ്പും പല്ലും എറികുമായി കളത്തിലെത്തുന്ന മായയക്ഷി ഒരേസമയം നാശകാരണിയും രക്ഷകിയും ആണ് എന്നാണ് വിശ്വാസം. നാളെ എഴാം പടേനിരാവിൽ സർപ്പ സൗന്ദര്യത്തിന്റെ മൂർത്തിഭാവമായ നാഗയക്ഷികോലങ്ങളാണ്.