09-prathi-manoj-kumar

പന്തളം: കൈയ്യേറ്റത്തെ തുടർന്ന് ഭാര്യാ പിതാവ് തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. കോട്ടയം വാഴൂർ മഞ്ജുഭവനിൽ കൃഷ്ണൻനായർ (80) ആണ് മരിച്ചത്. മരുമകൻ കുളനട കൈപ്പുഴ കിഴക്ക് മനോജ് നിവാസിൽ മനോജ് കുമാർ (44) നെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ച് എത്തിയ മനോജ് ഭാര്യയെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ച കൃഷ്ണൻനായരെ തള്ളി മാറ്റുന്നതിനിടെ കട്ടിലിൽ തലയടിച്ച് വീഴുകയായിരുന്നു. കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്നര വർഷമായി കൈപ്പുഴയിൽ മകൾ ശ്രീജയ്ക്കും മരുമകനും ഒപ്പമായിരുന്നു കൃഷ്ണൻനായർ താമസിച്ചുവന്നത്.

അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ശാന്തകുമാരി, മകൻ. ശ്രീജിത്ത് (ആസ്‌ട്രേലിയ).