1
സ്റ്റേഡിയം നിർമിക്കുന്ന സ്ഥലം

കടമ്പനാട് :പലവിധ ജോലികൾ ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ച തൊഴിലുറപ്പിന്റെ കരുത്തിൽ ഇനി സ്റ്റേഡിയവും.ജില്ലയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയം കടമ്പനാട്ട് നിർമ്മിക്കും. ഇതിനായി 85 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിപ്രകാരം വകയിരുത്തി അംഗീകാരത്തിന് സമർപ്പിച്ചു.ഇതോടെ കടമ്പനാട്ടെ കായികപ്രേമികളുടെ ചിരകാല അഭിലാഷം യാഥാർത്ഥ്യമാകുകയാണ്.കടമ്പനാട് ജംഗ്ഷന് പടിഞ്ഞാറ് ഭഗവതി ക്ഷേത്രത്തിന് തെക്കുവശത്തായിട്ടുള്ള പഞ്ചായത്ത് വക 5ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുക.

ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്

നിലവിലുള്ള സ്ഥലം മണ്ണിട്ടുയർത്തും.ചുറ്റുമതിൽകെട്ടും.തെക്കുവശത്തും വടക്കുവശത്തുമായി ഗാലറി നിർമ്മിക്കും.ഫുഡ്ബോൾ പ്രേമികൾ ഒരുപാടുള്ള കടമ്പനാട്ട് അവരെ ലക്ഷ്യം വെച്ച് ഫുഡ്ബോൾ കോർട്ടാണ് നിർമ്മിക്കുക. ഗാലറിക്ക് തൊട്ടുതാഴെയായി പ്രഭാത-സായാഹ്ന സവാരിക്കായി പ്രത്യേകം ടൈൽപാകി നടപാത ഒരുക്കും. ഇത്രയും കാര്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടക്കുക.

സ്റ്റേഡിയം എന്നത് വർഷങ്ങളായുള്ള ആവശ്യം

കടമ്പനാട്ട് സ്റ്റേഡിയം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.ഇതിനായി ഇവിടെ സ്ഥലമേറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും പലവിധകാരണങ്ങളാൽ നടന്നില്ല.സ്റ്റേഡിയം നിർമ്മിക്കാനുള്ള സ്ഥലം ഭൂരിഭാഗവും കാട് കയറിക്കിടക്കുകയാണ്.മുൻപ് കേരള കൗമുദി പലതവണ സ്റ്റേഡിയം നിൽകുന്ന സ്ഥലം കാട് കയറുന്നതും കൈയേറ്റം നടക്കുന്നതുമെല്ലാം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.അതിന്റെ ഫലമായി കൈയേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനമായാണ് പഞ്ചായത്ത് ഭരണസമിതി ആദ്യം നീങ്ങിയത്.ഇതു സംബന്ധിച്ചുള്ള പരാതികൾ ഒത്തുതീർപ്പാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.ഇൗ സാമ്പത്തികവർഷം 1.68 കോടിരൂപയുടെ റോഡ് കോൺക്രീറ്റ് തൊഴിലുറപ്പിൽ ഉൾപെടുത്തി ചെയ്തിരുന്നു.ഇത് നൽകിയ ധൈര്യത്തിലാണ് പരിചയ സമ്പന്നരായ തൊഴിലാളികൾക്കൊപ്പം തൊഴിലുറപ്പു സ്ത്രീകളുടെ ഈ കൂട്ടായ്മ സ്റ്റേഡിയം നിർമ്മാണത്തിനായി ഇറങ്ങുന്നത്.

ഭരണസമിതി സ്റ്റേഡിയം എന്ന കടമ്പനാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തീരുമാനമായി.അടുത്ത നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

എ.ആർ അജീഷ് കുമാർ

(കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് )

-85 ലക്ഷത്തിന്റെ പദ്ധതി